കണ്ണൂർ വിമാനത്താവളം വികസനം: സ്ഥലമേറ്റെടുക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ
1415371
Tuesday, April 9, 2024 8:07 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് സ്ഥലമേറ്റെടുക്കൽ നീണ്ടതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. കീഴല്ലൂർ കാനാട് പ്രദേശത്തുള്ളവരാണ് പ്രതിഷേധത്തിൽ. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ട് ചോദിച്ച് ഒരു രാഷ്ട്രീയ പാർട്ടികളും വരരുതെന്ന് എഴുതിയ ബാനർ പ്രദേശത്ത് പ്രത്യക്ഷപ്പെട്ടു. പൗര സമിതി കാനാട്, കോളിപ്പാലം, നല്ലാണി എന്നൊഴുതിയ ബാനറാണ് സ്ഥാപിച്ചിട്ടുള്ളത്.
റൺവേ 4000 മീറ്ററാക്കാൻ സ്ഥലമേറ്റെടുക്കുന്നതിന് ഒമ്പത് വർഷം മുമ്പ് സർവേ ഉൾപ്പെടെ നടത്തിയിരുന്നുവെങ്കിലും ഇതുവരെയായി സ്ഥലത്തിന്റെ വിലനിർണയം നടത്തുകയോ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കീഴല്ലൂർ നോർത്ത് കാനാട് മേഖലയിലെ 172 കുടുംബങ്ങളാണ് 2015 മുതൽ അനിശ്ചിതത്വത്തിലായത്. സർക്കാർ റൺവേ നീട്ടാൻ തീരുമാനിച്ച തോടെ സ്ഥലം നല്കാൻ ഉടമകൾ നിർബന്ധിതരാകുകയായിരുന്നു.
സ്വത്ത് വിട്ടുനല്കാൻ തയാറായവർ ഇന്ന് അനിശ്ചിതത്വത്തിലാണ് കഴിയുന്നത്. സർക്കാറാകട്ടെ ഭൂമി ഏറ്റെടുക്കാൻ ഇതുവരെ തയാറായിട്ടില്ല. 2015 ൽ വിമാനത്താവളത്തിന്റെ റൺവേ 3,050 മീറ്ററിൽ നിന്ന് 4,000 മീറ്ററായി നീട്ടുന്നതിനുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ പുറത്തിറക്കി.
വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കീഴല്ലൂർ ഗ്രാമപഞ്ചായത്തിൽ 12, 13 വാർഡുകളിലായി 220 ഏക്കറോളം സ്ഥലം ഏറ്റെടുക്കാനാൻ തീരുമാനിച്ചത്. എന്നാൽ വർഷം ഒമ്പത് കഴിഞ്ഞിട്ടും നടപടികളൊന്നുമായില്ല. വീടും സ്ഥലവും ഏറ്റെടുക്കുമെന്ന് പറഞ്ഞതിനാൽ നിലവിലുള്ള വീട് അറ്റകുറ്റ പ്രവൃത്തികളൊന്നും നടത്താൻ കഴിയാത്ത അവസ്ഥയാണ്.