ആന തുരത്തൽ നാളെ പുനരാരംഭിക്കും, തുരത്തൽ രണ്ട് ഘട്ടങ്ങളായി
1396774
Saturday, March 2, 2024 1:50 AM IST
ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള ശ്രമം നാളെ മുതൽ പുനരാരംഭിക്കും. എട്ട് ദിവസം നീളുന്ന ആനതുരത്തൽ രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. നാളെ മുതൽ ഏഴുവരെയുള്ള ദിവസങ്ങളിൽ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ പൂർണമായും വനത്തിനുള്ളിലേക്ക് തുരത്തും.
രണ്ടാംഘട്ടത്തിൽ എട്ടുമുതലുള്ള മൂന്ന് അവധി ദിവസങ്ങളിലായി ആറളം ഫാം കൃഷിയിടത്തിലെ കാട്ടാനകളെ തുരുത്തും.
ആറളം ഫാമിൽ ചേർന്ന ജനപ്രതിനിധികളുടെയും വകുപ്പ് അധികൃതരുടെയും സംഘടന പ്രതിനിധികളുടെയും അവലോകന യോഗത്തിലാണ് തീരുമാനം. ആന തുരത്തലിന് മുന്നോടിയായി ആവശ്യമായ അടിയന്തര സാഹചര്യം നിലനിൽക്കുകയാണെങ്കിൽ 144 വകുപ്പ് പ്രകാരം നിരോരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് സബ് കളക്ടർ സന്ദീപ് കുമാർ യോഗത്തെ അറിയിച്ചു.
അതീവ ജാഗ്രത പുലർത്തേണ്ട സഹചര്യത്തിൽ തുരത്തലിന് മുന്നോടിയായി ഇന്ന് പുനരധിവാസ മേഖലയിൽ മൈക്ക് പ്രചരണം നടത്തും. പുനരധിവാസ മേഖലയിൽ പ്രമോട്ടർമാർ മുഖേനയും ജാഗ്രത നിർദേശം ടിആർഡിഎം അധികൃതർ നൽകും.
ആംബുലൻസ് ഉൾപ്പടെ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ആരോഗ്യവകുപ്പിന്റെയും ആറളം ഫാം സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ സംരക്ഷണവും ഫാം റോഡിലെ ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള ചുമതലകൾ ഏറ്റെടുത്ത് പോലീസും ആന തുരത്തിലിൽ പങ്കാളികളാകും. വനപാലകരും ഫാം സുരക്ഷാ ജീവനക്കാരും പ്രാദേശികമായി തെരഞ്ഞെടുക്കുന്ന ആളുകളും ഉൾപ്പെടെ 15 പേർ വീതമുള്ള രണ്ട് സംഘങ്ങളാണ് ആനതുരത്തിൽ നടത്തുക. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജീവന ജീവനക്കാരും ഉൾപ്പെടുന്ന സംഘം തുരത്തൽ സംഘങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി കൊടുക്കാൻ സ്ഥലത്ത് ക്യാമ്പ് ചെയ്യും.
പുനരധിവാസ മേഖലയിലെ തുരത്തൽ സമയത്ത് ആവശ്യമായ റോഡുകളിൽ ഗതാഗതം നിരോധിക്കും. ഫാം കൃഷിയിടത്തിലെ കാട്ടാനകളെ തുരത്തുന്ന സമയങ്ങളിൽ പാലപ്പുഴ-കക്കുവ, ഓടൻതോട്- വളയൻചാൽ ഉൾപ്പെടെ ഫാമിലെ എല്ലാ റോഡുകളിലെയും ഗതാഗതം നിരോധിക്കും.