ആനപ്പാറയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു
1396773
Saturday, March 2, 2024 1:50 AM IST
ഉളിക്കൽ: പഞ്ചായത്തിലെ മണിക്കടവ് ആനപ്പാറയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി കാർഷിക വിളകളും കൃഷി ആവശ്യത്തിനു വെള്ളമെടുക്കുന്ന മോട്ടറും നശിപ്പിച്ചു. ഇലവുങ്കച്ചാലിൽ ഷാജുവിന്റെ വീട്ടു മുറ്റത്തെത്തിയ ആന വാഴയും കൃഷി ആവശ്യത്തിനു വെള്ളം എടുക്കാൻ ഉപയോഗിക്കുന്ന മോട്ടറും നശിപ്പിച്ചു.
പൂവത്താനിക്കൽ ജിനുവിന്റെ തെങ്ങ് വാഴ തുടങ്ങിയവയും നശിപ്പിച്ചു. ഒരാഴ്ചയായി കാട്ടാന ഈ മേഖലയിൽ സ്ഥിരം കൃഷികൾ നശിപ്പിച്ച് ജനങ്ങൾക്ക് ഭീഷണി തീർക്കുന്നത്.
കർണാടക ബ്രഹ്മഗിരി വന്യ ജീവി സങ്കേതത്തിൽ നിന്നും ഇറങ്ങുന്ന ആനകളാണ് ഇവിടെ നാശം വിതയ്ക്കുന്നത്. പയ്യാവൂർ-ഉളിക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിൽ ഒരു കിലോമീറ്റർ ദൂരത്തിൽ സോളർ വേലി സഥാപിക്കാത്തതാണ് ആനയുടെ ശല്യം നിരന്തരമായി തുടരുന്നത്.
ഉളിക്കൽ, പായം, അയ്യൻകുന്ന് ആറളം പഞ്ചയത്തുകളുടെ 50 കിലോമീറ്ററിൽ അധികം വരുന്ന വനാതിർത്തികളിൽ സോളാർ വേലികൾ സ്ഥാപിക്കാൻ കൃഷി വകുപ്പും ത്രിതല പഞ്ചായത്തും ചേർന്ന് രൂപരേഖ തയാറാക്കിയെങ്കിലും സർക്കാരിന്റെ കടുത്ത സാമ്പത്തിക നിയന്ത്രണം പദ്ധതി എങ്ങുമെത്താതെ തുടരുകയാണ്.