കണ്ണൂരിൽ സിഎംപിക്ക് പുതുജീവൻ; ഇ.പി. സ്മാരക മന്ദിരം പാർട്ടിക്ക് സ്വന്തം
1396769
Saturday, March 2, 2024 1:50 AM IST
പി. ജയകൃഷ്ണൻ
കണ്ണൂർ: നീണ്ടകാലത്തെ നിയമ പോരാട്ടങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ സിഎംപി കണ്ണൂർ ജില്ലാ കൗൺസിൽ ഓഫീസിന് ജീവൻ വച്ചു. യോഗശാല റോഡിൽ ഇ.പി. സ്മാരക മന്ദിരത്തിലെ മൂന്നുനില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ളോറിലാണ് ഇന്നലെ മുതൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
കെട്ടിടത്തിൽ നിന്നും ഐആർപിസി യെ ഒഴിപ്പിക്കുന്നതിന് നേരത്തെ സിഎംപി ജില്ലാ സെക്രട്ടറി പി. സുനിൽകുമാർ കണ്ണൂർ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പ്രസ്തുത കേസിൽ കെട്ടിടത്തിൽനിന്നും ഒരു മാസത്തിനകം ഐആർപിസി ഒഴിഞ്ഞുപോകാനും താഴത്തെ ഹാളിലും രണ്ടാം നിലയിലും മറ്റുള്ളവർ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഇൻജംക്ഷൻ ഉത്തരവും കോടതി പുറപ്പെടുവിച്ചു.10 വർഷത്തെ പോരാട്ടത്തിനൊടുവിലായിരുന്നു കണ്ണൂർ മുൻസിഫ് കോടതിയുടെ ഉത്തരവ്.
ഉത്തരവിനെതിരേ ഐആർപിസി അപ്പീൽ ഫയൽ ചെയ്തിരുന്നു. കേസുകൾ വർഷങ്ങൾ നീണ്ടു പോകുന്നത് തിരിച്ചടിയാണെന്നു മനസിലാക്കിയ സിപിഎം-സിഎംപി ജില്ലാ നേതൃത്വങ്ങൾ ഇതോടെ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ ആരംഭിച്ചു. രണ്ടു മാസമായി നിരവധി തവണ നടത്തിയ ചർച്ച കൾക്കൊടുവിലാണ് ഒത്തുതീർപ്പ് ഫോർമുല തയാറായത്.
ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഐആർപിസി ഓഫീസ് ഇനി രണ്ടാം നിലയിലേക്ക് മാറും. നേരത്തെ സിഎംപി ജില്ലാ കൗൺസിൽ മെയിൻ ഓഫീസായി പ്രവർത്തിച്ച രണ്ടാം നിലയിലെ കെട്ടിടത്തിലേക്ക് ഓഫീസും താഴത്തെ നിലയിൽ പി.എം. ഗോപാലൻ സ്മാരക കോൺഫറൻസ് ഹാളും പ്രവർത്തിക്കും.
രണ്ടാം നില ഐആർപിസിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വേണ്ടി മാത്രം ഉപയോഗിക്കുന്നതിനാണ് വിട്ടുനല്കുന്നത്. ഇതോടെ കെട്ടിടവുമായി ബന്ധപ്പെട്ട അപ്പീൽ കേസും 2016 ലെ സബ് കോടതി വിധിക്കെതിരായി 2020 ൽ ഫയൽ ചെയ്ത അപ്പീൽ പുനഃസ്ഥാപന ഹർജിയും പിൻവലിക്കും.
ഒത്തുതീർപ്പ് വ്യവസ്ഥകൾ കോടതിയെ അറിയിച്ച് രണ്ട് കേസുകളും തീർപ്പാക്കും. കെട്ടിടവുമായി ബന്ധപ്പെട്ട തർക്കങ്ങൾ രണ്ടുമാസത്തിനുള്ളിൽ ശാശ്വതമായി പരിഹരിക്കാനാണ് ധാരണ.
ഒരു പക്ഷെ ഭാവിയിൽ വലിയ രാഷ്ട്രീയ സംഘർഷത്തിന് വഴിവയ്ക്കാമായിരുന്ന ഒരു വിഷയത്തിൽ ബദ്ധവൈരികളായ പാർട്ടി നേതാക്കൾ മുഖാമുഖം ഇരുന്നു ഒരു പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചത് പ്രത്യേകിച്ച് കണ്ണൂരിൽ വലിയ മാതൃകയാണ്. രാഷ്ട്രീയ സംഘർഷത്തിന്റെ കഥ മാത്രം പറയാറുള്ള കണ്ണൂരിന് ഒരു മാതൃകയും രാജ്യത്തെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഒരു പാഠവുമാണ് സംഭവം. ചർച്ചയ്ക്ക് സിപിഎം നേതാക്കളായ എം.വി. ജയരാജൻ, എം. പ്രകാശൻ എന്നിവരും സിഎംപി നേതാക്കളായ സി.എ. അജീർ, പി. സുനിൽകുമാർ എന്നിവരും പങ്കാളികളായി.
ഇ.പി. സ്മാരക മന്ദിരത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ സിഎംപി സംസ്ഥാന സെക്രട്ടറി സി.എ .അജീർ പതാക ഉയർത്തി. മാണിക്കര ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. സുനിൽകുമാർ പ്രസംഗിച്ചു. തുടർന്ന് ജില്ലാ കൗൺസിൽ യോഗവും ചേർന്നു. തൊഴിലാളി ക്ഷേമനിധി ബോർഡുകളെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് മാർച്ച് 11 ന് കളക്ടറേറ്റിന് മുന്നിൽ ഉപവാസം നടത്താനും യോഗം തീരുമാനിച്ചു.