മണ്ണിൽ പൊന്നുവിളയിച്ച് മേരിഗിരിയിലെ കുരുന്നുകൾ
1396763
Saturday, March 2, 2024 1:50 AM IST
തേർത്തല്ലി: വ്യത്യസ്ത തരത്തിലുള്ള പച്ചക്കറിക്കൃഷി നടത്തി മാതൃകയാവുകയാണ് മേരിഗിരി ലിറ്റിൽ ഫ്ലവർ ഫൊറോന ഇടവകയിലെ കുരുന്നുകൾ. കാലവർഷം കുറഞ്ഞു തുടങ്ങിയപ്പോൾ തന്നെ മിഷൻലീഗിന്റെ കുട്ടികൾ പള്ളിമുറിയോട് ചേർന്ന് അരഏക്കർ സ്ഥലത്താണ് വ്യത്യസ്തമായ പച്ചക്കറി കൃഷി നടത്തിയത്.
പ്രധാനമായും പയർ, വെണ്ട, പടവലം, പാവൽ, തക്കാളി, മുളക്, വഴുതന, മധുരക്കിഴങ്ങ്, വെള്ളരി, തുടങ്ങിയവയാണ് കൃഷി ചെയ്തത്. ഇതിൽ കീടനാശിനി ഉപയോഗിക്കാതെ വിഷരഹിത പച്ചക്കറികളാണ് ഉത്പാദിപ്പിച്ചത്. ഇതു വിറ്റുകിട്ടിയ പണം മിഷൻലീഗിന്റെ പ്രവർത്തനങ്ങൾക്കാണ് കുട്ടികൾ വിനിയോഗിക്കുന്നത്. കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇടവക വികാരി ഫാ. ഏബ്രഹാം മഠത്തിമ്യാലിലാണ്. തലശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള പച്ചക്കറി തോട്ടങ്ങളുടെ മത്സരത്തിൽ മേരിഗിരി ഇടവക മൂന്നാം സ്ഥാനമാണ് നേടിയത്.നാലര കിലോ വരെയുള്ള മധുരക്കിഴങ്ങുകളാണ് കുട്ടികളുടെ കൃഷിയിടത്തിൽ നിന്ന് വിളവെടുത്തത്.