കോളി പ്ലാന്റേഷനിൽ തീപിടിച്ച് 20 ഏക്കർ കൃഷിയിടം കത്തിനശിച്ചു
1396443
Thursday, February 29, 2024 8:05 AM IST
ആലക്കോട്: ടൗണിനടുത്ത് കോളി പ്ലാന്റേഷനിൽ കഴിഞ്ഞ രാത്രിയിൽ തീ പടർന്ന് പിടിച്ച് 20 ഏക്കർ കൃഷിയിടം കത്തിനശിച്ചു.
ആലക്കോട് പ്ലാന്റേഷൻ കോർപറേഷന്റെ കൈവശമുണ്ടായിരുന്നതും രണ്ട് പതിറ്റാണ്ടു മുമ്പ് ആദിവാസികൾക്ക് പതിച്ചു നൽകിയതുമായ സ്ഥലത്താണ് തീ പിടിച്ചത്. പ്രദേശത്തെ മുഴുവൻ വിഴുങ്ങിയ നിലയിൽ വൻ തീപിടിത്തമാണുണ്ടായത്. പരിസര പ്രദേശങ്ങൾ മുഴുവൻ ജനവാസ മേഖലയാണ്. എന്നാൽ ഭൂമി ലഭിച്ച ആദിവാസികളിൽ ബഹുഭൂരിപക്ഷം പേരും കാലങ്ങളായി ഇവിടെ താമസിക്കാത്ത സ്ഥിതിയായതിനാൽ പ്ലാന്റേഷൻ ഭൂമിയിൽ ആൾതാമസമില്ലാത്ത നിലയിലാണ്. ഇതാണ് വലിയ അപകടമൊഴിവാക്കിയത്.
തീ കത്തുന്നത് ഇപ്പോൾ നിയന്ത്രണവിധേയമാണ്. നാട്ടുകരുടെ നേതൃത്വത്തിൽ രാത്രി മുതൽ തീ അണയ്ക്കാൻ ശ്രമം നടന്നു. പോലീസും തളിപ്പറമ്പിൽ നിന്നു ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാത്രി രണ്ടു മുതലാണ് തീ പടർന്നത് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഇട്ടു കെടുത്തിയ തീ പിന്നീട് കാറ്റിൽ വ്യാപിച്ചതാണെന്ന് സംശയിക്കുന്നു. ഫയർഫോഴ്സിന്റെ വാഹനങ്ങൾ സ്ഥലത്ത് എത്താൻ സൗകര്യമില്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസങ്ങൾ സൃഷ്ടിച്ചു. തീയുടെ അരകിലോമീറ്റർ ദൂരെ മാത്രമേ വാഹനത്തിന് കടന്നു ചെല്ലാൻ സാധിച്ചിട്ടുള്ളു.
ഫയർ സ്റ്റേഷന്റെ അഭാവം
ആലക്കോട് കേന്ദ്രമായി ഫയർ സ്റ്റേഷൻ സ്ഥാപിക്കുക എന്നുള്ളത് മലയോരത്തെ ദീർഘകാലമായുള്ള ആവശ്യമാണ് .അതി വിസ്തൃതമായ ഇരിക്കൂർ നിയോജകമണ്ഡലത്തിൽ നിലവിൽ ഫയർ സ്റ്റേഷൻ ഇല്ല. പ്രധാന മലയോര കേന്ദ്രമായ ആലക്കോട് ഫയർ യൂണിറ്റ് സ്ഥാപിക്കണമെന്നുള്ളത് രണ്ടു പതിറ്റാണ്ട് മുമ്പുള്ള ആവശ്യമാണ്.
കർണാടക വനാതിർത്തി മുതൽ ചപ്പാരപ്പടവ്, നടുവിൽ, ആലക്കോട്, ഉദയഗിരി പഞ്ചായത്ത് കേന്ദ്രമായി ആലക്കോട് സ്ഥാപിക്കണം എന്നുള്ളത്. ഈ പ്രദേശത്ത് ഒരു സംഭവം ഉണ്ടായാൽ തളിപ്പറമ്പിൽ നിന്നോ പെരിങ്ങോത്തു നിന്നോ 25 കിലോമീറ്റർ സഞ്ചരിച്ചു വേണം ഫയർഫോഴ്സിന് ആലക്കോട് എത്താൻ.
മഴക്കാലത്ത് ശക്തമായ ഉരുൾപൊട്ടൽ ഉണ്ടാവുമ്പോഴും വേനൽക്കാലത്ത് കാട്ടുതീ പടർന്നു പിടിക്കുമ്പോഴും മറ്റു അപകടങ്ങൾ ഉണ്ടാവുമ്പോഴും സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഫയർഫോഴ്സ് സ്ഥലത്ത് എത്താറുള്ളത്. കോളിമലയിൽ രാത്രി ഉണ്ടായ തീപിടുത്തത്തിന് ശേഷം ഫയർഫോഴ്സ് എത്തിയത് രാവിലെ ഒൻപതിനാണ് എത്തിയത്. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.
കാക്കേഞ്ചാൽ കൊല്ലാടയിൽ തീപിടിത്തം
ചെറുപുഴ: കാക്കേഞ്ചാൽ കൊല്ലാടയിൽ തീപിടിത്തം. രണ്ടേക്കറോളം സ്ഥലത്ത് തീപടർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു തീ പിടിത്തം. സ്വകാര്യവ്യക്തിയുടെ കാടുപിടിച്ചു കിടന്ന രണ്ടേക്കർ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. അടുത്ത കൃഷിയിടങ്ങളിലേക്ക് തീ പടരാതെ നാട്ടുകാരും പെരിങ്ങോത്തു നിന്നുമെത്തിയ ഫയർഫോഴ്സും തീ നിയന്ത്രണ വിധേയമാക്കി.