റോഡ് ഷോയിൽ തുടക്കമിട്ട് എം.വി.ജയരാജൻ
1396040
Wednesday, February 28, 2024 1:34 AM IST
കണ്ണൂർ: കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ പ്രചാരണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം കാൾടെക്സ് ജംഗ്ഷ്നിലെ എകെജി പ്രതിമയ്ക്ക് മുന്നിലും തുടർന്ന് പയ്യാന്പലത്തെ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിലും രക്തസാക്ഷി സ്തൂപത്തിലും പുഷ്പാർച്ചന നടത്തിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. പയ്യാന്പലത്തുനിന്നും ഇടതുമുന്നണി നേതാക്കളും പാർട്ടി പ്രവർത്തകരും പ്രകടനമായി സ്ഥാനാർഥിയെ നഗരത്തിലേക്ക് ആനയിച്ചു.
പി.കെ. ശ്രീമതിയിലൂടെ ഒരിക്കൽ തിരിച്ചുപിടിച്ച് അടുത്തതവണ നഷ്ടപ്പെട്ട കണ്ണൂർ സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം ഇക്കുറി ജില്ലാ സെക്രട്ടറിയെ കളത്തിലിറക്കിയത്. കമ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയ പാറപ്രവും മുഖ്യമന്ത്രിയായ പിണറായി വിജയന്റെ നിയോജക മണ്ഡലവുംഉൾപ്പെടുന്ന മണ്ഡലം തിരിച്ചുപിടിക്കുക സിപിഎമ്മിന് അഭിമാനപോരാട്ടം കൂടിയാണ്.
പാർലമെന്റിലേക്ക് കന്നിയങ്കമാണെങ്കിലും എം.വി. ജയരാജൻ എന്ന അറുപത്തിമൂന്നുകാരന് തെരഞ്ഞെടുപ്പ് പുത്തരിയല്ല. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ച് രണ്ട് തവണ വിജയിച്ചു. 1996ൽ എടക്കാട് നിന്നുള്ള കന്നിയങ്കത്തിൽ കോൺഗ്രസിലെ എ.ഡി.മുസ്തഫയെ 7284 വോട്ടുകൾക്ക് മലയർത്തിയടിച്ചാണ് നിയമസഭാ പ്രവേശനം.2001ൽ കോൺഗ്രസിലെ കരുത്തനായ എൻ. രാമകൃഷ്ണനെയാണ് തോൽപ്പിച്ചത്. 5329 വോട്ടായിരുന്നു ഭൂരിപക്ഷം.
കണ്ണൂർ എംഎൽഎയായിരുന്ന കെ. സുധാകരൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെതുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു മൂന്നാമങ്കം. സിപിഎം വിട്ട് കോൺഗ്രസിലേക്ക് കൂടുമാറിയ എ.പി. അബ്ദുള്ളക്കുട്ടിയായിരുന്നു എതിരാളി. അത്തവണ 12,043 വോട്ടുകൾക്ക് പരാജയപ്പെട്ടു. പിന്നീട് ജയരാജൻ മത്സരരംഗത്തുനിന്ന് മാറിനിന്ന് പാർട്ടി ചുമതലകളിൽ സജീവമായി. പിണറായി വിജയൻ ആദ്യതവണ മുഖ്യമന്ത്രിയായപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.
പി. ജയരാജൻ വടകര ലോക്സഭാ സ്ഥാനാർഥിയായതിനെത്തുടർന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എം.വി. ജയരാജനെ നിയോഗിച്ചത്. 2021ലെ ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന ജയരാജൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചു.