കണ്ണൂർ നോർത്ത്, രാജീവ് ഗാന്ധി ജേതാക്കൾ
1377214
Sunday, December 10, 2023 1:58 AM IST
തലശേരി: കൗമാര കലാമേളയ്ക്ക് തിരശില വീണപ്പോൾ കണ്ണൂർ നോർത്ത് കിരീടം ചൂടി. ആദ്യദിനം മുതൽ ആധിപത്യം തുടർന്ന കണ്ണൂർ നോർത്ത് 901 പോയിന്റോടെയാണ് ജേതാക്കളായത്. 827 പോയിന്റുമായി പയ്യന്നൂർ രണ്ടാം സ്ഥാനം നേടി. 804 പോയിന്റോടെ പാനൂർ മൂന്നാം സ്ഥാനവും ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ ഇരിട്ടി നാലാം സ്ഥാനവും 780 പോയിന്റുമായി കണ്ണൂർ സൗത്ത് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

സ്കൂൾ വിഭാഗത്തിൽ 328 പോയിന്റുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂൾ ജേതാക്കളായി. മന്പറം എച്ച്എസ്എസ് 307 പോയിന്റുമായി രണ്ടാംസ്ഥാനം കരസ്ഥമാക്കി. പൈസക്കരി ഗവ. എച്ച്എസ്എസ് 264 പോയിന്റുമായി മൂന്നാം സ്ഥാനവും ചൊക്ലി രാമവിലാസം എച്ച് എസ്എസ് 240 പോയിന്റുമായി നാലാം സ്ഥാനവും കണ്ണൂർ സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് 221 പോയിന്റുമായി അഞ്ചാം സ്ഥാനവും നേടി.
വെട്ടിലാക്കി വേദി മാറ്റം
വേദികളിലെ മാറ്റം മത്സരാർഥികളെയും അധ്യാപകരെയും വലച്ചു. മത്സരയിനങ്ങൾ നടക്കേണ്ട സമയത്താണ് വേദിയുടെ മാറ്റം സംഘാടകർ പ്രഖ്യാപിക്കുന്നത്. ഇതോടെ നേരത്തെ നിശ്ചയിച്ച വേദിക്ക് പിറകിലായി ചമയങ്ങളണിഞ്ഞിരുന്ന വിദ്യാർഥികൾ അങ്കലാപ്പിലാകുകയായിരുന്നു.
ബിഇഎംപിഎച്ച്എസ്എസ് മുൻഭാഗം വേദിയിൽ നടക്കേണ്ട നങ്ങ്യാർകൂത്ത് സെന്റ് ജോസഫ്സ് എച്ച്എസ്എസ് കടൽപാലം വേദിയിലും അവിടെ നടക്കേണ്ട ഗദ്യപാരായണം, സംസ്കൃതം പദ്യം ചൊല്ലൽ, പ്രസംഗം എന്നിവ അയ്യലത്ത് യുപി സ്കൂളിലും അയ്യലത്ത് നടക്കേണ്ട യുപി വിഭാഗം ഒപ്പന ബിഇഎംപിഎച്ച്എസ് എസിലേക്കുമാണ് മാറിയത്. മുൻ നിശ്ചയ ്രകാരമുള്ള വേദിയിൽ നിന്നും ഏറെ അകലയായിരുന്നു മാറിയ വേദികൾ .
ബിഇഎംപി സ്കൂളിലേക്ക് ഒപ്പന മാറ്റിയപ്പോൾ അവിടെ തുടക്കത്തിൽ കുട്ടികൾക്ക് ഇരിക്കാൻ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും ആരോപിച്ചു. നങ്ങ്യാർകൂത്ത് ഇനത്തിൽ മത്സരിക്കേണ്ടവർക്ക് ചമയങ്ങളണിഞ്ഞും വേഷങ്ങളെടുത്തും സെന്റ് ജോസഫ്സ് എച്ച്എസ്എസിൽ എത്തിചേരാനുള്ള ബുദ്ധിമുട്ട് ചെറുതൊന്നുമായിരുന്നില്ല. മത്സരത്തിന് മുമ്പുള്ള വിദ്യാർഥികളുടെ പിരിമുറുക്കത്തിന് ഏറെ ആക്കം കൂട്ടുന്നതാണ് ഇത്തരം വേദികളുടെ പെട്ടെന്നുള്ള മാറ്റങ്ങൾ ഉൾപ്പെടെയുള്ള തീരുമാനമെന്നും അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു.
മിന്നിത്തിളങ്ങി ജ്യോതിക
തലശേരി: പങ്കെടുത്ത മൂന്ന് ഇനങ്ങളിലും വിജയക്കൊടി പാറിച്ച് ജ്യോതിക പ്രകാശ്. കേരളനടനം, ഭരതനാട്യം, കുച്ചുപ്പുടി എന്നിവയിലാണ് ജ്യോതിക ഒന്നാം സ്ഥാനം നേടിയത്. ചെമ്പിലോട് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

ഒമ്പത് വർഷമായി ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ജ്യോതിക സംസ്കൃത നാടകത്തിലും സംസ്കൃത പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടി. ചെമ്പിലോട് എച്ച്എസ്എസ് മുഖ്യാധ്യാപകൻ കെ പ്രകാശന്റെയും എസ്എൻ വിദ്യാമന്ദിർ സ്കൂൾ അധ്യാപിക സി.ആർ. വിനീതയുടെയും മകളാണ്. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിന പരേഡിൽ കേരളനടനം അവതരിപ്പിച്ചിരുന്നു.
വെള്ളിത്തിരയിലും വേദിയിലും താരമായി വിഷ്ണു
തലശേരി: വെള്ളിത്തിരയിലെ താരമായെത്തിയ വിഷ്ണു കലോത്സവ വേദിയിലും തിളങ്ങി. ചാക്യാർകൂത്തിലാണ് വിഷ്ണു നാഥ് ദിവാകരൻ മിന്നും വിജയം കരസ്ഥമാക്കിയത്. ഇപ്രാവശ്യം ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും മോണോആക്ടിലും വിജയം കരസ്ഥമാക്കിയിട്ടുണ്ട്.

കഴിഞ്ഞവർഷം സംസ്ഥാനതലത്തിൽ മോണോ ആക്ടിലും കഥാപ്രസംഗത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. മയ്യിലിലെ ശ്രീനാഥ് ആണ് ചാക്യാർകൂത്തിൽ വിഷ്ണുവിന്റെ ഗുരു. അഞ്ചു മാസത്തെ കഠിന പരിശീലനത്തിലൂടെയാണ് വിഷ്ണു ഒന്നാം സ്ഥാനം നേടാനായത്. വിനോദ് നെട്ടത്താനം സംവിധാനം ചെയ്ത ഒരു പക്കാ നാടൻ പ്രേമം എന്ന സിനിമയിൽ വേഷം ഇട്ടിട്ടുണ്ട് വിഷ്ണു. മയ്യിൽ ഐഎംഎൻ എസ്ജിഎച്ച്എസ്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ്. പറശിനി കണ്ണംപ്ലാവ് കെ.എം. ദിവാകരന്റെയും പി.വി. ഷീജയുടെയും മകനാണ്.