പാണ്ഡ്യാലക്കടപ്പുറം പാലത്തിന് 55.45 കോടിയുടെ ധനാനുമതി
1374457
Wednesday, November 29, 2023 7:56 AM IST
പയ്യന്നൂര്‍: രാമന്തളി പഞ്ചായത്തിലെ രണ്ടുതെങ്ങും വലിയപറമ്പ് പഞ്ചായത്തിലെ പാണ്ഡ്യാലക്കടവും തമ്മില്‍ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയുടെ ഭാഗമായ പാലത്തിന് 55.45 കോടിയുടെ ധനാനുമതി. ഇതോടെ നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് സഫലമാവുന്നത്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന തീരദേശ ഹൈവേയുടെ ഭാഗമായുള്ള പാലത്തിന് 12 സ്പാനുകള്‍ ഉള്‍പ്പെടെ ആകെ 445.30 മീറ്റര്‍ നീളമുണ്ട്. 12 സ്പാനുകളില്‍ മധ്യഭാഗത്തായി വരുന്ന സ്പാന്‍ ജലഗതാഗതത്തിന് ആവശ്യമായ ക്ലിയറന്‍സുകള്‍ നല്കി 55.80 മീറ്റര്‍ നിളം വരുന്ന ബോക്സ് ഗേര്‍ഡ് രീതിയിലും ശേഷിക്കുന്നവ പ്രീ സ്ട്രസ്ഡ് കോണ്‍ക്രീറ്റ് ഗേര്‍ഡ് രീതിയിലുമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. 7.00 മീറ്റര്‍ വീതിയുള്ള ക്യാരേജ്വേ, ഇരുഭാഗങ്ങളിലുമായി 1.50 മീറ്റര്‍ വീതിയുള്ള പെയ്ഡ് ഷോള്‍ഡര്‍, 1.50 വീതിയുള്ള നടപ്പാത, 1.80 മീറ്റര്‍ വീതിയുള്ള സൈക്കിള്‍ ട്രാക്ക് എന്നിവയുള്‍പ്പെടെ പാലത്തിന് 15.70 മീറ്റര്‍ വീതിയുമുണ്ടാവും.
പാലക്കോട് മുതല്‍ രണ്ടുതെങ്ങ് വരെ പത്തര കിലോമീറ്റര്‍ നീളത്തിലാണു തീരദേശ ഹൈവേ കടന്ന് പോകുന്നത്. ഇതില്‍ പാലക്കോട് മുതല്‍ കുന്നരു വരെയുള്ള 4.66കിലോമീറ്ററുള്ള ഒന്നാംഘട്ടത്തില്‍ 34.71 കോടി രൂപയുടെ ധനാനുമതി നേരത്തേ ലഭിച്ചതിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടന്നുവരികയാണ്. തുടര്‍ന്നുള്ള രണ്ടാം ഘട്ടത്തിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പാലക്കോട് ഓലക്കീല് പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
പാണ്ഡ്യാലക്കടവിനെ രാമന്തളിയുമായി ബന്ധിപ്പിക്കാനുള്ള നടപ്പാലം നിര്‍മിക്കാന്‍ വലിയപറമ്പ് നിവാസികള്‍ മുപ്പതുവര്‍ഷം മുമ്പ് രംഗത്തിറങ്ങിയതാണ്. വിസ്തൃതമായ കായലില്‍ തെങ്ങുകള്‍ നാട്ടി പണി തുടങ്ങിയെങ്കിലും ജലഗതാഗത വകുപ്പിന്റെ നിബന്ധനകള്‍ മൂലം പാലം നിര്‍മാണം ഇടയ്ക്കുവച്ച് നിര്‍ത്തേണ്ടിവന്നു. മൂന്നു പതിറ്റാണ്ടിനുശേഷമാണ് തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് ഈ ജനകീയ സ്വപ്നം പൂവണിയാന്‍ തുടങ്ങുന്നത്.