പയ്യാവൂരിലെ കാട്ടാനകളെ തുരത്താൻ കർമപദ്ധതിയായി
1337741
Saturday, September 23, 2023 2:21 AM IST
ശ്രീകണ്ഠപുരം: പയ്യാവൂരിലെ കാട്ടാനകളെ ജനവാസമേഖലകളിൽ നിന്ന് പൂർണമായും തുരത്താൻ കർമപദ്ധതി ആവിഷ്കരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജുസേവ്യർ. പ്രഗത്ഭരുൾപ്പെട്ട ടാസ്ക് ഫോഴ്സിന് കണ്ണൂർ ഡിഎഫ്ഒയും റേഞ്ചർമാരും നേതൃത്വം നൽകും.
പ്രതിരോധ നടപടികൾ 25 മുതൽ 27 വരെ നടക്കും. തൂക്കുവേലി പരാജയമാണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നതായും വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പറഞ്ഞു.
പയ്യാവൂര്‍ പഞ്ചായത്തിലെ കാട്ടാനശല്യം ഗുരുതരമായ സാഹചര്യത്തിൽ പാടാംകവല, ചന്ദനക്കാംപാറ മേഖലയിലിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ വിവിധ ജില്ലകളില്‍ നിന്നായി സർവ സന്നാഹവുമായി വനപാലകരുടെ ടാസ്ക് ഫോഴ്സ് 24ന് വൈകുന്നേരമെത്തും. കണ്ണൂർ ഡിഎഫ്ഒ പി. കാർത്തിക് നേതൃത്വം നൽകുന്ന ടാസ്ക് ഫോഴ്സിൽ തളിപ്പറമ്പ്, കണ്ണവം, കൊട്ടിയൂർ, കാസർഗോഡ് റേഞ്ചർമാർ അടയ്ക്കം 35 അംഗ സംഘമാണ് കാട്ടാനകളെ തുരത്തുന്നത്.
25, 26, 27 തീയതികളിലായി കാട്ടാനകളെ കാട്ടിലേക്കു തുരത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോൾ കാടിനെ അറിയുന്ന ചെറുപ്പക്കാർക്കും പങ്കെടുക്കാം. പ്രദേശത്തെ നാട്ടുകാരുടെ സഹകരണമാണ് പ്രധാനം. നിലവിലുള്ള ടാസ്ക് ഫോഴ്സിനൊപ്പം പുതിയ ടീമും ആനകളെ തുരത്തും. തൂക്കുവേലി കടത്തിവിട്ടാലും ഏരുവേശി, ഉളിക്കൽ പഞ്ചായത്തുകളിലൂടെ എട്ട് ആനകൾ തിരിച്ചു വരികയാണ് ചെയ്യുന്നത്.
കാട്ടാനകൾ തമ്പടിക്കുന്ന ഭാഗത്തെ സ്ഥല ഉടമകൾ കാട് വെട്ടി തെളിക്കാത്തതും തുരത്തലിന് ബുദ്ധി മുട്ട് സൃഷ്ടിക്കുന്നുണ്ട്. കാടുകൾ ഉള്ള ഭാഗത്ത് ആനകൾ ഒളിക്കുകയാണ്. തൂക്കുവേലി സ്ഥാപിച്ചത് മുതൽ അത് പരാജയമാണെന്ന് വരുത്താൻ ചിലർ ഗൂഢനീക്കം നടത്തുന്നുണ്ട്.
മൂന്നുവർഷമായി കാട്ടാന ശല്യ പരിഹാരത്തിന് പിന്നാലെയാണ്. അത് ജനങ്ങൾ തിരിച്ചറിയും. കാട് കയറുന്ന കാട്ടാനകളെ തുരത്തുന്നത് പൂർണമായും വിജയിക്കണമെങ്കിൽ മറ്റ് പഞ്ചായത്തുകളും വേലി സ്ഥാപിക്കണമെന്നും സാജു സേവ്യര്‍ പറഞ്ഞു.