പൊതുസ്ഥലത്ത് മാലിന്യം തള്ളുന്ന വാഹനം പിടിച്ചാൽ കണ്ടുകെട്ടും
1337496
Friday, September 22, 2023 3:31 AM IST
കണ്ണൂര്‍: പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് കൈമാറാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കുമെതിരേ കര്‍ശന നടപടിയുമായി കോർപറേഷന്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്ന വാഹനം കണ്ടെത്തി പിടികൂടിയാൽ പിഴ അടച്ചാലും വാഹനം വിട്ടു കൊടുക്കില്ല.
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കോർപറേഷന് പരിധിയിൽ 90 സിസിടിവി കാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി. രാത്രി കാലങ്ങളില്‍ വാഹനങ്ങളിലും മറ്റുമായി മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത്, മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കുന്നത്, പ്ലാസ്റ്റിക് മാലിന്യ കത്തിക്കൽ എന്നിവ കണ്ടെത്താൻ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്പെഷല്‍ സ്ക്വാഡും പ്രവർത്തിക്കും.
ഫ്ലാറ്റുകളിലുള്ള ഓരോ കുടുംബങ്ങളും വെവ്വേറെ ഹരിതകര്‍മസേനയില്‍ രജിസ്റ്റര്‍ ചെയ്ത് മാലിന്യങ്ങള്‍ കൈമാറണം. ഹരിതകര്‍മസേനയില്‍ രജിസ്റ്റര്‍ ചെയ്താല്‍ സേനാംഗങ്ങള്‍ നിശ്ചയിച്ച തുക ഈടാക്കി ശേഖരിക്കും. ഓരോ വീടും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും, ഹരിതകര്‍മസേനാംഗങ്ങളും നേരിട്ട് പരിശോധിച്ച് നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി പിഴ അടപ്പിക്കും.
ഹരിതകര്‍മസേനയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവർ വാര്‍ഡ് കൗണ്‍സിലര്‍മാരെയോ കോര്പറേഷന് മെയിന്‍ ഓഫീസ്, സോണല്‍ ഡിവിഷന് ഓഫീസുകളുമായോ ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തി പിഴ, മറ്റ് നടപടികളിൽ നിന്നും ഒഴിവായി മാലിന്യ മുക്ത കണ്ണൂർ പദ്ധതിയുമായി സഹകരിക്കണമെന്ന് മേയർ ടി. ഒ. മോഹനൻ അറിയിച്ചു.