വിദ്യാർഥിനിയുടെ ആത്മഹത്യ : ക്ലാസ് ടീച്ചർക്കെതിരേ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1337222
Thursday, September 21, 2023 7:17 AM IST
കണ്ണൂർ: ക്ലാസ് ടീച്ചറുടെ പരസ്യശാസന സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തെന്ന പരാതിയിൽ ക്ലാസ് ടീച്ചറുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്കാണ് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷൽ അംഗവുമായ കെ.ബൈജു നാഥ് നിർദേശം നൽകിയത്. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് പെരളശേരി എകെജി. മെമ്മോറിയൽ ഗവ. ഹൈസ്കൂളിൽലെ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത വിദ്യാർഥിനിയും സഹപാഠികളും ചേർന്ന് ക്ലാസിലെ ഡസ്ക്കിലും ചുമരിലും മഷി തേച്ചെന്ന് ക്ലാസ് ലീഡർ അറിയിച്ചതനുസരിച്ച് ക്ലാസ് ടീച്ചർ പരസ്യമായി താക്കീത് ചെയ്തിരുന്നുവെന്ന് ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
ശാസിച്ചതിന് ശേഷം കുട്ടികൾക്ക് സ്കൂൾ വൃത്തിയായി സൂക്ഷിക്കുന്നതിന് ബോധവത്കരണം നൽകിയ ശേഷമാണ് കുട്ടികളെ വീടുകളിലേക്ക് വിട്ടതെന്നും പറഞ്ഞിരുന്നു. അതേ സമയം ഒരു നിസാര പ്രശ്നത്തെ ക്ലാസ് ടീച്ചർ പർവതീകരിച്ച് അപക്വമായി ഇടപെട്ടുവെന്ന് പരാതിക്കാരനായ അഭിഭാഷകൻ വി. ദേവദാസ് കമ്മീഷൻ മുന്പാകെ പറഞ്ഞു. ആത്മഹത്യക്ക് കാരണം ക്ലാസ് ടീച്ചറുടെ പക്വതയില്ലായ്മയാണെന്നും പരാതിക്കാരൻ പറഞ്ഞു. ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യാൻ കുട്ടികളെ പോലെ ടീച്ചർമാർക്കും ബോധവത്കരണം നൽകേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. വിദ്യാർഥിനിയെ പരസ്യമായി അവഹേളിക്കുന്നതിന് പകരം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു വേണ്ടത്.
സെൻസിറ്റീവായ വിദ്യാർഥികൾക്ക് പിന്തുണ നൽകുകയാണ് അധ്യാപകർ ചെയ്യേണ്ടത്. മാനസികാരോഗ്യം സിലബസിന്റെ ഭാഗമാക്കേണ്ട കാലം അതിക്രമിച്ചതായും കമ്മീഷൻ അംഗം കെ. ബൈജുനാഥ് അഭിപ്രായപ്പെട്ടു.