അയ്യൻകുന്ന് വില്ലേജിൽ പുതിയ സർവേ ആരംഭിച്ചു
1337218
Thursday, September 21, 2023 7:01 AM IST
എടൂർ: അയ്യൻകുന്ന് വില്ലേജിൽ നടക്കുന്ന റീ-സർവേയുടെ ഭാഗമായി ആറളം വില്ലേജ് പരിധിയിലെ എടൂരിൽ മരാമത്ത് റോഡും ജനവാസ കേന്ദ്രങ്ങളും കടന്ന് സർവേ കല്ലുകളിട്ട പ്രശ്നം പരിഹരിക്കാൻ പുതിയ സർവേ നടപടികൾ ആരംഭിച്ചു. നേരത്തെ മുഴുമിക്കാതിരുന്ന റീ -സർവേ റദ്ദാക്കിയാണ് പുതിയ സർവേ നടപടികൾ ആരംഭിച്ചത്. റീ-സർവേയ്ക്കെതിരെ സ്ഥലം ഉടമകളിൽ നിന്നും ലഭിച്ച പരാതിയുടേയും സർവേ ഡയറക്ടറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. പുതിയ സർവേ നടപടികൾ ഇന്നലെ ആരംഭിച്ചു.
മേഖലയിലെ പ്രശ്നം പരിഹരിക്കുന്നതിന് സർവേ ഡയറക്ടറോട് വസ്തുതാന്വോഷണം നടത്തി റിപ്പോർട്ട് നൽകാൻ റവന്യു, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിമാരും സണ്ണിജോസഫ് എംഎൽഎയും കർമ സമിതിഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് സർവേ ഡയറക്ടറും ജില്ലാകളക്ടറും പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ചാണ് നേരത്തെ നടത്തിയ മുഴുമിപ്പിക്കാത്ത സർവേ റദ്ദാക്കി പുതിയ സർവേ നടത്തുന്നത്.
അയ്യൻകുന്നിൽ റീ-സർവേ നടത്തിയപ്പോൾ വെമ്പുഴയുടെ തീരങ്ങളിലെ സ്വകാര്യ വ്യക്തികളുടെ ഭൂമി പുഴ പുറമ്പോക്കായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. കൂടാതെ ജനവാസ മേഖലയിൽ പോലും സർവേ കല്ലുകൾ സ്ഥാപിച്ചിരുന്നു. വെമ്പുഴ പുഴ തീരത്ത് എടൂർ മുതൽ വാളത്തോട് വരെ പുഴയുടെ ഇരു കരകളിലും താമസിക്കുന്ന 100 ഓളം കുടുംബങ്ങളെ കൈയേറ്റക്കാരാക്കുന്ന രീതിയിലായിരുന്നു റീസർവേയുടെ ഭാഗമായി കല്ലുകൾ സ്ഥാപിച്ചത്.
ഇതിനെതിരെ എടൂർ, വെമ്പുഴച്ചാൽ കർമ സമിതിയും ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളും രംഗത്തു വന്നു. രേഖകളിൽ ചേർത്ത പേരു മാത്രം കണക്കിലെടുത്ത് പുഴ എന്ന നിലയിൽ കണക്കാക്കരുതെന്നും വെന്പുഴ എന്നത് തോട് ആണെന്നും ഇവർ ചൂണ്ടിക്കാട്ടി.
200 മീറ്ററിൽ ഈ തോടിൽ മൂന്നു പാലങ്ങൾ ഉണ്ടെന്നും ശരാശരി 15 മീറ്റർമാത്രമാണ് വീതിയെന്നും പ്രദേസവാസികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിക്കാതെയാണ് ഏക്കറുകളോളം കൈവശ ഭൂമിയെ പുഴപുറമ്പോക്കായി കണക്കാക്കിയത്. ഈ സർവേ റദ്ദാക്കി കൈവശക്കാർ പറയുന്ന അതിരുകൾ വച്ച് ഡിജിറ്റൽ സർവേ നടത്തി റിപ്പോർട്ട് നൽകാനാണ് ഇപ്പോൾ പുതിയ സർവേ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന സർവേ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാൽ മാത്രമേ കൈവശ ഭൂമിക്കാർ സർക്കാർ രേഖകളിൽ കൈയേറ്റക്കാരല്ലെന്ന നിലയിലാകുകയുള്ളൂ.
സർവേ ഡപ്യൂട്ടി ഡയറക്ടർ മോഹൻ ദേവിന്റെ നേതൃത്വത്തിൽ ഹെഡ് സർവേയർ കെ. ഗംഗാധരൻ. സർവെയർമാരായ ബാലകൃഷ്ണ്ണൻ, ദേവസ്യ എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ സർവേ പ്രവർത്തനങ്ങൾ നടത്തുന്നത്.