പെരുവട്ടം-കാവേരികുളം റോഡ്: ഉദ്യോഗസ്ഥർ പരിശോധന നടത്തി
1337210
Thursday, September 21, 2023 7:01 AM IST
ചെറുപുഴ: തീർഥാടന കേന്ദ്രമായി ഉയർന്നു വരുന്ന തിരുമേനി കേറാളയിലെ കാവേരികുളം ദേവീക്ഷേത്രത്തിലേക്കുള്ള പെരുവട്ടം-കാവേരികുളം റോഡ് നവീകരിക്കുന്നതിന് ടി.ഐ. മധുസൂദനൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു.
പ്രാപ്പൊയിൽ-എയ്യൻകല്ല്- രയറോം റോഡിൽ നിന്നാണ് പെരുവട്ടം-കാവേരി കുളം റോഡ് തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ അനിൽകുമാർ, ഓവർസിയർ പവിത്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കി. ഇവർക്കൊപ്പം പഞ്ചായത്തംഗം വി. ഭാർഗവിയും ഉണ്ടായിരുന്നു. ഗ്രാമീണ റോഡുകളിൽ ഒന്നായ പെരുവട്ടം- കാവേരികുളം-കോറാളി റോഡിന്റെ 100 മീറ്റർ ഒഴികെയുള്ള ഭാഗം പൂർണമായും ഗതാഗത യോഗ്യമാകും. റോഡ് നന്നാക്കണമെന്നത് പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു.