പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി
1336961
Wednesday, September 20, 2023 7:25 AM IST
ഇരിട്ടി: ആരോഗ്യവകുപ്പ് ഇരിട്ടി ടൗൺ മുതൽ കൂട്ടുപുഴ വരെയുള്ള സംസ്ഥാന പാതയോരത്തെ ഭക്ഷണശാലകളിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ നിരവധി ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു.
അൻപത് കിലോ കോഴിക്കറി, 30 കിലോ ബീഫ്, 20 കിലോ മത്സ്യക്കറി, പഴകിയ തൈര്, അച്ചാർ എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടപ്പിച്ചു. ഇവർക്കെതിരേ നിയമ നടപടിയും സ്വീകരിച്ചു.
പായം പഞ്ചായത്തിലെ ഇരിട്ടി- കൂട്ടുപുഴ റോഡരുകിലെ ഹോട്ടൽ ഗോൾഡൻ ഡിഷ്, ഡോമിനോ ഫാസ്റ്റ് ഫുഡ്, സ്കൈ പാരഡൈസ് ബാർ, ഹോട്ടൽ റാറാവീസ്, റെഡ് കിച്ചൻ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തത്. ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്രവൈസർ ഇ.ജെ. അഗസ്റ്റിൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. അനിൽകുമാർ, സി.കെ. ഷിബു , സന്തോഷ് കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.