പെരുമ്പടവ്: ശുചിത്വവും ഹരിതാഭവുമായ ഗ്രാമം എന്ന ലക്ഷ്യത്തോടെ ചപ്പാരപ്പടവ് ഗ്രാമപഞ്ചായ ത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വർണം -2025 ന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ നയിക്കുന്ന ശുചിത്വ സന്ദേശ യാത്ര കണ്ണൂർ ജില്ല കളക്ടർ എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡിസംബർ18 വരെ 18 വാർഡുകളിലൂടെയാണ് ശുചിത്വ സന്ദേശയാത്ര സംഘടിപ്പിക്കുന്നത്.
ജൈവ മാലിന്യ സംസ്കരണ സംവിധാനം വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുക, അജൈവ മാലിന്യം പൂർണമായി ഹരിതകർമ സേനയ്ക്ക് കൈമാറുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും നിർത്തലാക്കുക, വിദ്യാലയങ്ങളിൽ ഹരിത കാമ്പസ് ആരംഭിക്കുക, ആഘോഷങ്ങളിലും ചടങ്ങുകളിലും ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, അജൈവ മാലിന്യം കത്തിക്കുന്നത് നിരോധിക്കുക, വിഷരഹിതമായ കാർഷിക ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്നിവയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി സി.കെ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പെരുവണ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. മൈമുനത്ത്, അജ്മൽ, തങ്കമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഉനൈസ് എരുവാട്ടി, ഷീജ കൈപ്രത്ത്, വാർഡ് മെമ്പർ എം.പി.ജ്യോതി ലക്ഷ്മി, ഷെൽമോൻ ജോസ് എന്നിവർ പ്രസംഗിച്ചു.