തീർഥാടന ടൂറിസത്തിന്റെ വളർച്ചയ്ക്ക് പശ്ചാത്തല സൗകര്യ വികസനം അനിവാര്യം : മന്ത്രി രാജേഷ്
1227750
Thursday, October 6, 2022 12:38 AM IST
കണ്ണൂർ: തീർഥാടന ടൂറിസത്തിന്റെ വളർച്ചയ്ക്ക് പശ്ചാത്തല സൗകര്യ വികസനം അനിവാര്യമാണെന്നും സംസ്ഥാന സർക്കാർ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാന ടൂറിസം വകുപ്പ് തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപവും ആറാട്ടുകുളവും നാടിന് സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മുടങ്ങിക്കിടന്ന സരസ്വതീ മണ്ഡപം പദ്ധതി തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ മാതൃകാപരമായ നേതൃത്വം വഹിച്ച കെ.വി. സുമേഷ് എംഎൽഎയെ മന്ത്രി അഭിനന്ദിച്ചു.
ടൂറിസം വകുപ്പ് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്. 1,46,74,918 രൂപ ചെലവഴിച്ചാണ് തീർഥാടക വിനോദ കേന്ദ്രവും സരസ്വതീ മണ്ഡപവും പൂർത്തിയാക്കിയത്. ആറാട്ടുകുളം നവീകരണത്തിന് 61,13,374 രൂപ ചെലവായി. കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം തന്ത്രി കാട്ടുമാടം ഇളയടത്ത് മനക്കൽ ഈശാനൻ നമ്പൂതിരിപ്പാട് വിശിഷ്ടാതിഥിയായിരുന്നു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, കോർപറേഷൻ കൗൺസിലർ വി.കെ. ഷൈജു, മലബാർ ദേവസ്വം ബോർഡ് തലശേരി ഡിവിഷൻ ചെയർമാൻ ടി.കെ. സുധി, അസി. കമ്മീഷണർ എൻ.കെ. ബൈജു, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ പി. മോഹനചന്ദ്രൻ, ഭക്തസേവാ സമിതി രക്ഷാധികാരികളായ ഇ. സേതുമാധവൻ, പി.ടി. സഗുണൻ എന്നിവർ പങ്കെടുത്തു.