ആനക്കൊന്പുകൾ പിടികൂടിയ സംഭവം: മാഞ്ചീരി വനത്തിൽ നിന്ന് ആദിവാസികൾക്ക് ലഭിച്ചതെന്ന് മൊഴി
1377499
Monday, December 11, 2023 12:49 AM IST
കോഴിക്കോട്: കോഴിക്കോട് ചെറുകുളത്തു നിന്നു വനപാലകർ പിടികൂടിയ ആനക്കൊന്പുകൾ മലപ്പുറം കരുളായി മാഞ്ചീരി വനത്തിൽ നിന്ന് ആദിവാസികൾക്ക് ലഭിച്ചതാണെന്ന് പ്രതികളുടെ മൊഴി. മാഞ്ചീരി വനത്തിൽ നിന്ന് ചോല നായ്ക്കവിഭാഗക്കാർക്ക് ലഭിച്ച ആനക്കൊന്പുകൾ പലരിലൂടെയായി കൈമറിഞ്ഞ് തങ്ങളിലെത്തിയതാണെന്നും പ്രതികൾ വനപാലകരോടു വെളിപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് പത്തിലധികം പേരെ താമസംവിനാ വനംവകുപ്പിന് പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് നിന്നാണ് ആനക്കൊന്പുകൾ കണ്ടെത്തിയതെങ്കിലും കരുളായി കേന്ദ്രീകരിച്ചാണ് കുറ്റകൃത്യം നടന്നതെന്ന് വ്യക്തമായതിനാൽ കേസ് അന്വേഷണം കരുളായി റേഞ്ച് ഓഫീസർക്ക് കൈമാറിയിട്ടുണ്ട്.
ഒന്നാം പ്രതിയായ കക്കോടി മൂരിക്കര നെല്ലുവായൽ വളപ്പിൽ ജിജീഷ് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് ചെറുകുളത്ത് വീട്ടിൽ തന്പടിച്ച് വിൽപന ആസൂത്രണം ചെയ്യുന്നതിനിടെയാണ് കഴിഞ്ഞദിവസം ആനക്കൊന്പുമായി പ്രതികൾ പിടിയിലായത്.
ജിജീഷ്കുമാറിനു പുറമെ താമരശേരി കാരാടി വടക്കേകളത്തിൽ ദീപേഷ്, ലക്ഷദ്വീപ് അമിനി പൂക്കുഞ്ഞി ബലിയച്ചാടചെറ്റ വീട് മുഹമ്മദ് മുഹബീൻ, തിരുവണ്ണൂർ പുതിയോട്ടിൽ അബ്ദുസലീം, മലപ്പുറം ചാപ്പനങ്ങാടി വലിയ പറന്പിൽ മുഹമ്മദ് അനസ് എന്നിവരെയും ആദ്യദിനം പിടികൂടിയിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങൾ മലപ്പുറം വനംവകുപ്പിന് കൈമാറി മറ്റു പ്രതികളെ ഉടനടി തന്നെ പിടികൂടുകയായിരുന്നു.
നിലന്പൂർ സ്വദേശി ഹരിദാസൻ, മലപ്പുറം നെല്ലിക്കുത്ത് സ്വദേശികളായ നന്പൂരിപ്പൊടി ഖാലി വീട്ടിൽ മോഹനദാസ്, പാലപ്പറ്റ വീട്ടിൽ അബ്ദുൾ മുനീർ, കരുളായി കൊളപ്പറ്റ ഹൈദർ എന്നിവരെയാണ്, ആദ്യം അറസ്റ്റിലായവരിൽ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ മലപ്പുറത്തു നിന്നും വനംവകുപ്പ് പിടികൂടിയത്.
ആനക്കൊന്പു കൊണ്ടുപോകുവാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും ഇതിന്റെ ഡ്രൈവറെയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കരുളായി വനമേഖലയിൽ താമസിക്കുന്ന ആദിവാസി വിഭാഗക്കാർക്ക് ആനക്കൊന്പ് എങ്ങനെ ലഭിച്ചുവെന്ന് വനംവകുപ്പ് അന്വേഷിച്ചു വരുകയാണ്.
പുറംലോകത്തു നിന്നെത്തി ഇടയ്ക്കിടെ ചോല നായ്ക്കരെ സന്ദർശിച്ചിരുന്ന ചില ആളുകളിൽ നിന്നാണ് ആനക്കൊന്പിനെക്കുറിച്ച് പ്രതികൾക്ക് വിവരം ലഭിച്ചതെന്ന് വനപാലകർക്ക് സൂചന ലഭിച്ചിട്ടുണ്ട്.
ചെരിഞ്ഞ ആനയുടെ ജഡത്തിൽ നിന്നു കൊന്പുകൾ ശേഖരിച്ചതാണോ അതോ ആനയെ കൊന്ന് കൊന്പ് എടുത്തതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.