സരസ് മേളയിൽ സിഡിഎസ് രജിസ്ട്രേഷനില്ലാത്ത സംരംഭകർക്ക് സ്റ്റാൾ അനുവദിച്ചതായി ആക്ഷേപം
1549417
Saturday, May 10, 2025 4:54 AM IST
കോഴിക്കോട്: ബീച്ചിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ സിഡിഎസ് രജിസ്ട്രേഷനില്ലാത്ത സംരംഭകർക്ക് സ്റ്റാൾ അനുവദിച്ചതായി പരാതി. എട്ടാം നമ്പർ നവജ്യോതി സ്റ്റാളിനാണ് രജിസ്ട്രേഷൻ ഇല്ലെന്ന ആരോപണം ഉർന്നത്. സിഡിഎസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നവർക്ക് മാത്രമേ സരസ് മേളയിൽ സ്റ്റാൾ അനുവദിക്കാവൂ എന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് എട്ടാം നമ്പർ സ്റ്റാൾ അനുവദിച്ചതെന്നാണ് പരാതി.
എന്നാൽ നവജ്യോതി സംഘത്തിന് രജിസ്ട്രേഷൻ ഉണ്ടായിരുന്നുവെന്നും ഇക്കഴിഞ്ഞ മാർച്ച് 31ന് രജിസ്ട്രേഷൻ കലാവധി അവസാനിച്ചതാണ് പ്രശ്നമെന്നുമാണ് കുടുംബശ്രീ ജില്ലാ മിഷന്റെ വിശദീകരണം. സരസ് മേളയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന സംഘത്തിന് സ്ക്രീനിംഗ് ഉണ്ടായിരുന്നില്ല.
അതിനാൽ തന്നെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മേള തുടങ്ങുന്നതിന് തലേ ദിവസം ഉച്ചയ്ക്കാണ് സംഘം രജിസ്ട്രേഷൻ പുതുക്കിയിട്ടില്ലെന്ന വിവരം സിഡിഎസ് ചെയർപേഴ്സൺ അറിക്കുന്നത്. സംഘത്തോട് മേളയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മേളയിൽ പങ്കെടുക്കുന്നതിനായി മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയതായും പങ്കെടുത്തില്ലെങ്കിൽ തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുമെന്നും സംഘം അറിയിച്ചതിനെത്തുടർന്ന് അവർക്ക് അവസരം നൽകുകയായിരുന്നു. മേളക്കു ശേഷം സംഘത്തിന്റെ രജിസ്ട്രേഷന് പുതുക്കുന്ന നടപടി കൈക്കൊള്ളാനാണ് തീരുമാനമെന്നും ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.