കായിക വകുപ്പിന്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര നാളെ ജില്ലയില്‍
1548618
Wednesday, May 7, 2025 4:48 AM IST
കോഴിക്കോട്: ലഹരിക്കെതിരെ "കിക്ക് ഡ്രഗ്സ്, സെ യെസ് ടു സ്പോര്‍ട്സ്' എന്ന മുദ്രാവാക്യവുമായി മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര എട്ടിന് ജില്ലയില്‍ പ്രവേശിക്കും. രാവിലെ ആറിന് അടിവാരത്ത് നിന്ന് താമരശേരി ചുങ്കം വരെ മരത്തോണ് സംഘടിപ്പിക്കുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പി.ടി.എ. റഹീം എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും. മാരത്തോണില്‍ ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000 , 7500 രൂപയും മറ്റു സ്ഥാനക്കാര്‍ക്ക് 2000രൂപ വീതവും ക്യാഷ് പ്രൈസ് നല്‍കും.
കോഴിക്കോട് ജില്ലക്കാരായ പുരുഷ-വനിത താരങ്ങള്‍ക്ക് വ്യത്യസ്ത മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. താമരശേരി ചുങ്കം മുതല്‍ താമരശേരി ബസ് സ്റ്റാന്‍ഡ് വരെ കായിക മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, കായിക താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന വാക്കത്തോണും ഉണ്ടാകും.
ജില്ലയിലെ അമ്പായത്തോട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട്, പറമ്പില്‍ ബസാര്‍ മിനിസ്റ്റേഡിയം, ഈസ്റ്റ് നടക്കാവ് സ്വിമ്മിംഗ് പൂള്, ചെലവൂര്‍ സ്പോര്‍ട്സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി കായിക താരങ്ങളെ അഭിസംബോധന ചെയ്യും. വൈകുന്നേരം നാലിന് ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ട് മുതല്‍ മാനാഞ്ചിറ മൈതാനം വരെ വാക്കത്തണ്‍ നടത്തും.
വൈകുന്നേരം ആറിന് വിവിധ കായിക പ്രദര്ശനങ്ങളോടൊപ്പം മാനാഞ്ചിറ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് ജില്ലയില്‍ സമാപനമാകും.സെക്രട്ടറി പ്രപു പ്രേമനാഥ്, ഡോ. വി. റോയ് ജോണ്‍, വിനീഷ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.