ഇല്ലിപ്പിലായി - മണിച്ചേരി- വയലട റോഡിന്റെ പുതിയ അലൈൻമെന്റ് തയാറാക്കുന്നു
1548909
Thursday, May 8, 2025 5:30 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഇല്ലിപ്പിലായി - മണിച്ചേരി- വയലട പിഡബ്ല്യൂഡി റോഡ് നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ പുതിയ അലൈൻമെന്റ് തയാറാക്കുന്നതിനായി പിഡബ്ല്യൂഡി ഉദ്യോഗസ്ഥരും റോഡ് ആക്ഷൻ കമ്മിറ്റിയംഗങ്ങളും ഇന്നലെ മേഖല സന്ദർശിച്ചു.
2013 ൽ പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കുകയും 2016-ൽ കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡ് നിർമാണം നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ കിഫ്ബിയുടെ സാങ്കേതിക വിദഗ്ധർ അടങ്ങുന്ന സംഘം റോഡ് സന്ദർശിക്കുകയും നിലവിലുള്ള റോഡിന്റെ അലൈൻമെന്റ് പ്രകാരം നിർമാണം സാധ്യമല്ലെന്ന് അറിയിച്ചതിനെ തുടർന്ന് കിഫ്ബി ധനസഹായം ലഭിക്കാതെയായിരുന്നു. കഴിഞ്ഞ കാലങ്ങളിലെ പ്രളയത്തിലും മറ്റും റോഡ് പാടെ തകർന്ന നിലയിലാണ്.
ഒട്ടനവധി കുടുംബങ്ങളും കൂടാതെ മണിച്ചേരി ഉന്നതിയിലെ പത്ത് കുടുംബങ്ങളും താമസിക്കുന്ന പ്രദേശമാണിത്. കൊയിലാണ്ടി റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. മിഥുൻ, ബാലുശേരി പിഡബ്ല്യൂഡി അസിസ്റ്റന്റ് എൻജിനീയർ കെ. ഷമേജ്,ഓവർസീയർ ടി.ടി ആൻസി, റോഡ് ആക്ഷൻ കമ്മിറ്റിയംഗങ്ങളായ തോമസ് വെട്ടിക്കുഴി,എൻ.കെ. കുഞ്ഞമ്മദ്,
ജോയി വെട്ടിക്കുഴി, എ.സി. ഗോപി, ഇ.എം. അവറാച്ചൻ, മാത്യൂ പാറപ്പുറംഎന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. റോഡിന്റെ സർവേ നടത്തി ഒരാഴ്ചക്കകം എസ്റ്റിമേറ്റ് തയാറാക്കി ചീഫ് എൻജിനീയർക്ക് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഇല്ലിപ്പാലായി മുതൽ മണിച്ചേരി വരെയാണ് ഇന്നലെ ഉദ്യേഗസ്ഥ സംഘം സന്ദർശിച്ചത്.