കായിക വകുപ്പിന്റെ ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് സമാപനം
1549173
Friday, May 9, 2025 5:39 AM IST
കോഴിക്കോട്: കായിക വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശയാത്ര കിക്ക് ഡ്രഗ്സ്- സേ യെസ് ടു സ്പോർട്സിനെ കോഴിക്കോട്ടുകാർ നെഞ്ചേറ്റി.
കായിക മന്ത്രി വി. അബ്ദുറഹ്മാൻ നയിക്കുന്ന ലഹരിവിരുദ്ധ സന്ദേശ യാത്ര കാസർക്കോട്, കണ്ണൂർ, വയനാട് ജില്ലകൾ പിന്നിട്ടാണ് നാലാം ദിനമാണ് കോഴിക്കോടെത്തിയത്. മലബാർ ക്രിസ്ത്യൻ കോളജ് മൈതാനത്ത് നിന്നാരംഭിച്ച വാക്കത്തോൺ വ്യത്യസ്തമായ ഫ്ളോട്ടുകളാൽ വർണ്ണാഭമായി.
കരാട്ടെയും കളരിയും സ്കേറ്റിംഗും സൈക്ലിംഗുമൊക്കെയായി കുട്ടികളും മുതിർന്നവരും മാനാഞ്ചിറ മൈതാനിയിലെ ബാസ്ക്കറ്റ് ബോൾ കോർണറിലെത്തി. സൂംബ നൃത്തത്തോടെ സമാപന സമ്മേളനത്തിന് തുടക്കമായി. മാതാ പേരാമ്പ്രയുടെ സംഗീത ശിൽപ്പമായ ജ്യോതിർഗമയയെ നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.
മാനാഞ്ചിറ മൈതാനത്ത് നടന്ന സമാപന സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കളിയിടങ്ങൾ കുറയുന്നതാണ് പുതിയ തലമുറ നേരിടുന്ന പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു.
കളിക്കളങ്ങൾ സജീവമാക്കി അവരെ കൂടെ കൂട്ടണം. അല്ലാതെ കുറ്റം പറയുന്നതിൽ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ സന്ദേശയാത്ര ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
കോഴിക്കോട് മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു.