കർശന നിയന്ത്രണങ്ങളുമായി കോടഞ്ചേരി പഞ്ചായത്ത്
1549183
Friday, May 9, 2025 5:46 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന്റെ പരിധിയിലുള്ള പതങ്കയം ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ തുടർച്ചയായി ഉണ്ടാകുന്ന അപകട മരണങ്ങൾ ഇല്ലാതാക്കുവാനും സുരക്ഷ ഉറപ്പുവരുത്താനും കർശനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
പതങ്കയം സംരക്ഷണ സമിതിയിൽ പ്രാദേശിക കുടുംബങ്ങളെ ഉൾപ്പെടുത്തി റൊട്ടേഷൻ വ്യവസ്ഥയിൽ വോളണ്ടറിമാരെ നിയമിക്കുവാനും അവർക്ക് ആവശ്യമുള്ള ലൈഫ് ജാക്കറ്റ് യൂണിഫോം, ഐഡന്റിറ്റി കാർഡ് ഉൾപ്പെടെയുള്ളവ നൽകി പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃത്യമായി പരിശീലനം നൽകുവാൻ യോഗത്തിൽ തീരുമാനമായി.
പതങ്കയം ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ എത്തുന്ന സന്ദർശകരിൽ നിന്നും 10 രൂപ നിരക്കിൽ ഫീസിടാക്കുന്നതിനും സന്ദർശക സമയം ഒന്പത് മുതൽ 5 വരെയാക്കി നിജപ്പെടുത്തുവാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാ ആസീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, പഞ്ചായത്ത് മെമ്പർമാരായ ഏലിയാമ്മ സെബാസ്റ്റ്യൻ, ബിന്ദു ജോർജ്, റോസമ്മ തോമസ്, ചിന്നാ അശോകൻ, കോടഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്, സെക്രട്ടറി കെ. സീനത്ത്, നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസർ എൻ.പി. മിനി, ജിനേഷ് കുര്യൻ, ബെനിറ്റോ ചാക്കോ, തുടങ്ങിയവർ പ്രസംഗിച്ചു.