സര്‍ക്കാര്‍ വാര്‍ഷികദിനം കരിദിനമായി ആചരിക്കാന്‍ യുഡിഎഫ്
1549410
Saturday, May 10, 2025 4:48 AM IST
കോഴിക്കോട്: ധൂര്‍ത്ത് നടത്തി ജനവിരുദ്ധ നടപടിയുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിന്റെ വാര്‍ഷികദിനം കരിദിനമായി ആചരിക്കാന്‍ യുഡിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. 20ന് ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്പറേഷന് പ്രദേശങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടിയേന്തി പ്രകടനവും പൊതുസമ്മേളനവും നടത്തും.
12ന് നിയോജകമണ്ഡലം യോഗങ്ങളും 15ന് പഞ്ചായത്ത്-മേഖലാ യോഗങ്ങളും നടക്കും. യുഡിഎഫ് കീഴ്ഘടങ്ങളുടെ പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ യുഡിഎഫ് ചെയര്മാന് കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍, കെ.സി. അബു തുടങ്ങിയവര്‍ പ്രസംഗിച്ചു.