സിപിഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ അഴിമതിയുടെ കേന്ദ്രങ്ങള്‍: എന്‍. സുബ്രഹ്മണ്യന്
1549179
Friday, May 9, 2025 5:46 AM IST
പേരാമ്പ്ര: സിപിഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യന്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ പണമുണ്ടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനും ധൂര്‍ത്തിനുമെതിരേ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ പേരാമ്പ്ര ഹൈസ്കൂളിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഞെക്കിക്കൊല്ലുകയാണ്. ധൂര്‍ത്തും അഴിമതിയും മറച്ചുവയ്ക്കാന്‍ പേരാമ്പ്ര പഞ്ചായത്ത് ഭരണ നേതൃത്വം ഗിമ്മിക്ക് കാണിക്കുകയാണെന്നും ഇത് ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കക്കിനകണ്ടി മൊയ്തു അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റന്‍ കെ.പി. റസാഖ്, പൈലറ്റ് കെ.സി. രവീന്ദ്രന്, സത്യന് കടിയങ്ങാട്, സി.പി.എ അസീസ്, രാജന് മരുതേരി, പി.കെ രാഗേഷ്, പി.എസ് സുനില്‍കുമാര്‍, വി.ടി സൂരജ്, അര്ജുന് കറ്റയാട്ട്, പുതുക്കുടി അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.