കോൺക്രീറ്റ് പ്രവൃത്തിക്കിടെ കൂറ്റൻ മരം വീണു; നാല് തൊഴിലാളികൾക്ക് പരിക്ക്
1549406
Saturday, May 10, 2025 4:48 AM IST
മുക്കം: മുക്കം കടവ് - കുമാരനെല്ലൂർ റോഡിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. മുളങ്കാടിന് സമീപം റോഡിൽ കോൺക്രീറ്റ് പ്രവൃത്തി നടന്നു കൊണ്ടിരിക്കെ തൊഴിലാളികൾക്കിടയിലേക്കാണ് മരം വീണത്.
ജോലി സ്ഥലത്തുണ്ടായിരുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികൾ മുഹമ്മദ് നൂറുൽ ആലം (42), ബാബു (27), ജമാൽ (20), ലുഖ്മാൻ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
എച്ച്ടി വൈദ്യുത ലൈനും തകരാറിലായി. ഭിന്നശേഷിക്കാരനായ യൂസഫ് നടത്തുന്ന പെട്ടിക്കടക്കു തൊട്ടടുത്തായാണ് മരം പതിച്ചത്. മുക്കത്തുനിന്നും സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വ ത്തിൽ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ചെയിൻസോ ഉപയോഗിച്ച് മരംമുറിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.
അസി. സ്റ്റേഷൻ ഓഫീസർ ജോയ് ഏബ്രഹാം, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ സനീഷ് പി. ചെറിയാൻ, വൈ.പി. ഷറഫുദ്ദീൻ,സി. വിനോദ്, എം.കെ. അജിൻ, ഹോം ഗാർഡായ ചാക്കോ ജോസഫ് തുടങ്ങിയവരും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.