മാളിക്കടവ് ഇരട്ട അടിപ്പാത ഈ മാസം അവസാനത്തോടെ തുറക്കും
1549408
Saturday, May 10, 2025 4:48 AM IST
കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ദേശീയപാതയിൽ മാളിക്കടവ് ഇരട്ട അടിപ്പാത ഈ മാസം അവസാനത്തോടെ തുറക്കും.അടിപ്പാത തുറക്കാത്തതിനാല്‍ കുണ്ടൂപ്പറമ്പ്, മാളിക്കടവ്, മൊകവൂർ പ്രദേശത്തുകാരാണ് നഗരത്തിൽ എത്താൻ ദുരിതം അനുഭവിക്കുന്നത്.
ദേശീയപാത ഈ ഭാഗത്തു നിർമാണം പൂർത്തിയായി ഗതാഗതത്തിനു തുറന്നതോടെ സർവീസ് റോഡിൽ നിന്നു ദേശീയപാതയിലേക്കു കയറാനുള്ള വഴി അധികൃതർ അടയ്ക്കുകയായിരുന്നു.
മാളിക്കടവ് ജംഗ്ഷനോടുചേർന്ന് കുണ്ടൂപ്പറമ്പ്-മാളിക്കടവ് റോഡിനെയും ദേശീയപാത സർവീസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഭാഗത്താണ് ഇരട്ട അടിപ്പാത.ഒരു മാസം മുന്‍പാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കി മുകളിൽ ദേശീയപാത തുറന്നത്. അടിപ്പാതയിലൂടെ ഗതാഗത സൗകര്യം പൂർത്തീകരിച്ചില്ല.
അടിപ്പാതയിൽ നിലവിലുള്ള റോഡിനു സമാന്തരമായി ടാറിംഗ് നടത്തി ഗതാഗതത്തിനു തുറന്നാൽ മാളിക്കടവ്, കക്കോടി, മോരിക്കര, മക്കട ഭാഗത്തുള്ളവർക്ക് പെട്ടെന്നു കുണ്ടൂപ്പറമ്പിലും പുതിയങ്ങാടി, വെസ്റ്റ്ഹിൽ ഭാഗത്തേക്കും നഗരത്തിലേക്കും യാത്ര ചെയ്യാം.