തിരുവമ്പാടി ഹൈസ്കൂൾ മൈതാനം; പ്രശ്ന പരിഹാരത്തിന് സർവകക്ഷി യോഗത്തിൽ തീരുമാനം
1549178
Friday, May 9, 2025 5:39 AM IST
തിരുവമ്പാടി: തിരുവമ്പാടി ഹൈസ്കുൾ മൈതാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. ലിന്റോ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ തിരുവമ്പാടി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.
ഹൈസ്കൂൾ മൈതാനിയിൽ ഫുട്ബോൾ കളിക്കാനെത്തിയവർ സ്ഥാപിച്ച താൽക്കാലിക ഗോൾ പോസ്റ്റ് കഴിഞ്ഞ ദിവസം എടുത്ത് മാറ്റിയിരുന്നു. ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ഒഴിവാക്കാനായിരുന്നു സർവകക്ഷി യോഗം വിളിച്ചത്.
മൈതാനത്ത് 15നകം ഗോൾ പോസ്റ്റ് സ്ഥാപിക്കും. രാത്രി 7.30വരെ മൈതാനം പൊതുജനങ്ങൾക്ക് ഉപയോഗിക്കാം. ഇതുസംബന്ധിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ സർവകക്ഷി യോഗത്തിൽ ഉറപ്പ് നൽകി.
അഞ്ച് വർഷമായി അടച്ചിട്ടിരുന്ന മൈതാനം തുറക്കാൻ ഏഴു മാസം മുമ്പാണ് വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവിട്ടത്. തുടർന്ന്, മാനേജ്മെന്റ് ഹൈസ്കൂൾ മൈതാനം തുറന്ന് കൊടുക്കുകയായിരുന്നു.
ഫുട്ബോൾ പരിശീലനം ഉൾപ്പെടെ മൈതാനം വീണ്ടും സജീവമാകവെയാണ് കഴിഞ്ഞ ദിവസം വീണ്ടും പ്രശ്നങ്ങളുണ്ടായത്. സർവകക്ഷി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ,
വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ, ബാബു പൈക്കാട്ടിൽ, സി. ഗണേഷ് ബാബു, ഷൗക്കത്തലി കൊല്ലളത്തിൽ, സജീവ് മഠത്തിൽ, തോമസ് വലിയപറമ്പൻ, തിരുവമ്പാടി സബ് ഇൻസ്പെക്ടർ ഇ.കെ. രമ്യ, റോബർട്ട് നെല്ലിക്കതെരുവിൽ, ഗണേശ്ബാബു തുങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.