സ്ത്രീകളുടെ ഡിജിറ്റല്‍ ശാക്തീകരണം; വഴിതുറന്ന് കുടുംബശ്രീ സെമിനാര്‍
1549169
Friday, May 9, 2025 5:39 AM IST
കോഴിക്കോട്: സ്ത്രീകളുടെ ഡിജിറ്റല്‍ ശാക്തീകരണത്തിലേക്ക് വഴിതുറന്നും സൈബറിടങ്ങളിലെ കുറ്റകൃത്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കുടുംബശ്രീ സെമിനാര്‍.
"എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് "കുടുംബശ്രീയും സ്ത്രീകളുടെ ഡിജിറ്റല്‍ ശാക്തീകരണവും' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. കുടുംബശ്രീ സംരംഭങ്ങളുടെ ഉല്പന്നങ്ങള് പുത്തന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ സാധിക്കണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ലിന്റോ ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു.
കാലാനുസൃതമായ മാറ്റം കുടുംബശ്രീയുടെ പല മേഖലകളിലും ഉണ്ടായിട്ടുണ്ടെന്നും ഏറെ കരുതലോടെയാണ് കുടുംബശ്രീയെ സര്‍ക്കാര്‍ ചേര്‍ത്തുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജി കേരളം, ഡിജിറ്റല്‍ സാക്ഷരത, ഡിജിറ്റല്‍ രംഗത്തെ തൊഴില്‍സാധ്യത, നിര്‍മിതബുദ്ധി, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനം തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.
കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. എല്‍.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി അസി. ഡയറക്ടര്‍ സജിന സത്താര്‍ മോഡറേറ്ററായി. കുടുംബശ്രീ ഗവേണിംഗ് എക്സിക്യൂട്ടീവ് അംഗം കെ.കെ. ലതിക,
ജില്ലാ മിഷന് കോഓഡിനേറ്റര്‍ പി.സി. കവിത, ടെക്നോളജി കോളമിസ്റ്റ് സെയ്ദ് ഷിയാസ് മിര്‍സ, സൈബര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ. ഇര്ഫാന് ഇബ്രാഹിം സേട്ട്, ഓക്സിലറി സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ എസ്. ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.
അഴകിന്റെയും കരുത്തിന്റയും പ്രദർശനമായി ബോഡി ബിൽഡിംഗ്
കോഴിക്കോട്: ശരീര സൗന്ദര്യത്തിന്റെ അഴകും കരുത്തും കാണിച്ച് ബോഡി ബിൽഡിംഗ് പ്രദർശനം. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ കായിക പ്രദർശനങ്ങളുടെ ഭാഗമായാണ് ബോഡി ബിൽഡിംഗ് പ്രദർശനം അരങ്ങേറിയത്.
കഴിഞ്ഞ വർഷത്തെ മിസ്റ്റർ കേരള സാബിത്ത്, ജൂനിയർ വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യനായ സിമിൽ രാജൻ, സ്പോർട്സ് ഫിസിക്കിൽ മിസ്റ്റർ സൗത്ത് ഏഷ്യ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സചിൻ, രാജ്യാന്തര താരം കവിത എന്നിവർ പ്രദർശനത്തിനെത്തി.
കായികമാണ് ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച ബോഡി ബിൽഡിംഗ് പ്രദർശനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് വി. ജോൺ ഉദ്ഘാടനം ചെയ്തു.
ജില്ലാ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എ.പി നൗഷാദ്, ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന് പ്രസിഡന്റ് ഗിരീഷ്, സെക്രട്ടറി ബാബു ഹനാൻ, വി.കെ. സാബിറ, ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
photo : കുടുംബശ്രീ ദേശീയ സരസ് മേള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് സന്ദർശിക്കുന്നു.