കാരശേരിയിൽ സ്നേഹതീരം വയോജന പാർക്ക് നാടിന് സമർപ്പിച്ചു
1548904
Thursday, May 8, 2025 5:30 AM IST
മുക്കം: വൈകുന്നേരങ്ങളിൽ ഒരു ചായയൊക്കെ കുടിച്ച് അൽപ്പം സൊറ പറഞ്ഞിരിക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. എന്നാൽ ജാതിമത രാഷ്ട്രീയ ഭേദമന്യെ അങ്ങിനെ ഇരിക്കാനുള്ള പൊതു ഇടങ്ങൾ ഇന്ന് നാട്ടിലില്ലാത്ത അവസ്ഥയുമാണ്.
ഈയൊരു സാഹചര്യത്തിലാണ് കാരശേരി പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാരശേരി അങ്ങാടിയിൽസ്നേഹതീരം എന്ന പേരിൽ വയോജന പാർക്ക് നിർമിച്ചത്. കാരശേരി അങ്ങാടിയുടെ ഹൃദയഭാഗത്ത് ബസ് സ്റ്റോപ്പിനോട് ചേർന്നാണ് മുതിർന്നവർക്കും നാട്ടുകാർക്കും ഒരുമിച്ചിരിക്കാനും സല്ലപിക്കാനുമായി പാർക്ക് ഒരുക്കിയത്.
പാർക്കിന്റെ ഉദ്ഘാടനം കാരശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ നിർവഹിച്ചു. വാർഡ് മെമ്പർ റുക്കിയ റഹീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ദേവി മൂത്തേടത്ത്,
പഞ്ചായത്ത് അംഗങ്ങളായ ആമിന എടത്തിൽ, കെ. കൃഷ്ണദാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.ടി. സൈദ് ഫസൽ, സി. അബ്ദുറഹിമാൻ, നടുക്കണ്ടി അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.