ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം പുനരാവിഷ്കരിച്ച് അഗ്നിരക്ഷ സേന
1548900
Thursday, May 8, 2025 5:30 AM IST
വിജ്ഞാനവും വിനോദവുമായി എന്റെ കേരളം പ്രദര്‍ശന-വിപണന മേള
കോഴിക്കോട്: ചൂരല്‍മല ദുരന്തത്തില്‍ മുണ്ടക്കൈയില്‍ അകപ്പെട്ട കൈകുഞ്ഞിനെ കയറിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അഗ്നിരക്ഷ സേനയുടെ ചിത്രം ആരുടെയും മനസില്‍നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. ദുരന്തത്തില്‍ അഗ്നിരക്ഷാ സേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വര്‍ക്കിംഗ് മോഡല്‍ ഒരുക്കി ഒരിക്കല്‍കൂടി അന്നത്തെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ അഗ്നിരക്ഷാ സേനയുടെ സ്റ്റാള്‍.
വെള്ളാര്‍മലയും മുണ്ടക്കൈയും സെന്റിനെന്റല്‍ റോക്കും ടീ ഫാക്ടറിയും അടയാളപ്പെടുത്തിയ മോഡല്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്ത ഫയര്‍ഫോഴ്സ് അംഗങ്ങള്‍ തന്നെ അക്കാര്യം വിശദീകരിക്കുമ്പോള്‍ ഒരേസമയം ആകാംക്ഷയും ഭീതിയും വന്നുനിറയും.
അഗ്നിരക്ഷാ സേനയുടെ മറ്റു പ്രധാന രക്ഷാദൗത്യങ്ങളായ ആമഴിയഞ്ചാം തോടും ബ്രഹ്മപുരവും പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്കൂബ ഡൈവിംഗ്, തീയില്‍നിന്ന് രക്ഷ നേടുന്നതിനുള്ള പ്രത്യേക വസ്ത്രം, റിമോട്ട് കൊണ്ട് നിയന്ത്രിക്കുന്ന വെള്ളത്തിനടിയില്‍ പോകുന്ന പ്രത്യേക വാഹനം എന്നിവയെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
തൂക്കുമരവും ലോക്കപ്പും ഒരുക്കി ജയില്‍ വകുപ്പ്
ജയിലിലെ ലോക്കപ്പും തൂക്കുമരവും സിനിമകളില്‍ മാത്രം കണ്ടവര്‍ക്ക് നേരിട്ട് കാണാനുള്ള അവസരമാണ് എന്റെ കേരളം പ്രദര്‍ശന മേളയില്‍ ജയില്‍ വകുപ്പ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയടക്കം പ്രമുഖരുടെ ജയില്‍ രേഖകളും സന്ദര്‍ശക രജിസ്റ്ററിലെ വിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആനയെ വരെ പിടിക്കാം
കാടിറങ്ങി വരുന്ന ആനയെ തടയാനുള്ള ഹാങ്ങിംഗ് ഫെന്‍സിംഗ് സംവിധാനവും പാമ്പ്, കുരങ്ങന്, മുള്ളന്‍പന്നി തുടങ്ങിയ ജീവികളെ പിടിക്കാനുള്ള ഉപകരണങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട് വനം വകുപ്പിന്റെ സ്റ്റാളില്‍. സോളാര്‍ സെന്‍സറിംഗ് കാമറകളും സുരക്ഷ കവചവും ഇവിടെയുണ്ട്. വേങ്ങ, തേക്ക്, രക്തചന്ദനം തുടങ്ങിയ വൃക്ഷങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ടിവിടെ.
ലഹരിക്കെതിരേ പ്രതിരോധം
മാതൃത്വം, ലഹരിക്കെണി, ഡിപ്രഷന്, കിരാതം, ജീവിതമാണ് ലഹരി എന്നിവയെ അടിസ്ഥാനമാക്കിയ കലാ സൃഷ്ടികളാണ് എക്സൈസ് വകുപ്പിന്റെ പ്രദര്‍ശന സ്റ്റാളില്‍ ഉള്ളത്. വിമുക്തി ലഹരിവിരുദ്ധ ക്വിസ്, ലഹരിക്കെതിരേ കൈയൊപ്പ് ശേഖരണം എന്നിവയുമുണ്ട്.
റോഡ് സുരക്ഷ മാര്‍ഗങ്ങളുടെ ബോധവത്കരണ വീഡിയോയും ഇ ചലാന്‍ വഴി പിഴയടക്കാനുള്ള സംവിധാനങ്ങളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രദര്‍ശന മേളയില്‍ തയാറാക്കിയിരിക്കുന്നത്.
കുട്ടികള്‍ക്കുള്ള ആയുര്‍വേദ ചികിത്സ
കുട്ടികള്‍ക്കുള്ള ആയുര്‍വേദ ചികിത്സാ പദ്ധതികള്‍ പരിചയപ്പെടുത്തി 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയിലെ സെമിനാര്‍. "കുട്ടികളുടെ ആയുര്‍വേദം' എന്ന വിഷയത്തില്‍ ആയുഷ് വകുപ്പാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
കുട്ടികളുടെ അസുഖങ്ങള്‍ക്കുള്ള ചികിത്സകള്‍ ആയുര്‍വേദത്തില്‍ ഉണ്ടെങ്കിലും അത് മനസിലാക്കാന്‍ നമുക്ക് സാധിക്കാതെ പോകുന്നുവെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ പറഞ്ഞു.
ജില്ലാ ആയുര്‍വേദ ആശുപത്രി സിഎംഒ യദു നന്ദന് അധ്യക്ഷത വഹിച്ചു. ഡോ. ദയ വിഷയാവതരണം നടത്തി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷൈജു ഒല്ലാങ്കോട് മോഡറേറ്ററായി.
മേള കാണാം, കൈ നിറയെ സാധനങ്ങളുമായി മടങ്ങാം
എന്റെ കേരളം പ്രദര്‍ശന-വിപണന മേള കാണാന്‍ എത്തുന്നവര്‍ക്ക് കൈ നിറയെ സാധനങ്ങളുമായി മടങ്ങാം. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ മേളയില്‍നിന്ന് ഗുണമേന്മയുള്ള ഉല്പന്നങ്ങള് വിലക്കുറവില്‍ വാങ്ങാനാകും. ഖാദി, മില്‍മ, ഫിഷറീസ്, മത്സ്യഫെഡ്, ആത്മ കോഴിക്കോട്, കയര്‍ഫെഡ്, കൃഷി വകുപ്പ്, ചാത്തമംഗലം പൗള്‍ട്രി ഫാം തുടങ്ങിയവയുടെ സ്റ്റാളുകളില്‍ നിന്നാണ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ അവസരം.
ഖാദിയുടെ സ്റ്റാളില്‍ എത്തുന്നവര്‍ക്ക് കൈത്തറി വസ്തുക്കള്‍ നിര്‍മിക്കുന്നത് നേരിട്ട് കാണാനും അവസരമുണ്ട്. ഖാദി ഉല്പന്നങ്ങള് 30 ശതമാനം റിബേറ്റിലാണ് നല്‍കുന്നത്. അഞ്ച് ദിവസം കൊണ്ട് ലക്ഷം രൂപയുടെ വരുമാനമാണ് ഈ സ്റ്റാളില്‍നിന്ന് ലഭിച്ചത്.
അച്ചാറുകള്‍, മസാലപ്പൊടികള്‍, ധാന്യങ്ങള്‍, പാലുല്പന്നങ്ങള്, മൂല്യവര്‍ധിത ഉല്പന്നങ്ങള്, ചെടികള്‍ തുടങ്ങിയവ സ്റ്റാളുകളില്‍നിന്ന് വാങ്ങാം. സപ്ലൈക്കോ, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയവയുടെ സ്റ്റാളുകളിലും സാധനങ്ങള്‍ വാങ്ങാന്‍ ആളുകളുടെ തിരക്കാണ്.
കീബോഡിലും തബലയിലും വിസ്മയിപ്പിച്ച് ഹരിനന്ദും റമിന് റഷീദും
എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ സംഗീതോപകരണങ്ങള്‍കൊണ്ട് വിസ്മയിപ്പിച്ച് പി. ഹരിനന്ദും റമിന് റഷീദും. മേളയിലെ ക്രിയേറ്റീവ് കോര്‍ണറിലാണ് കീബോഡും തബലയും കൊണ്ട് ഏഴാം ക്ലാസുകാര്‍ കാണികളെ കൈയിലെടുത്തത്. വില്യംസ് സിന്‍ഡ്രോം രോഗത്തെ വെല്ലുവിളിച്ചാണ് ഈ കൊച്ചുമിടുക്കന്മാര് മേളയിലെ താരങ്ങളായത്.
സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ "മല്‍ഹാര്‍ പാട്ട്കൂട്ടം' ട്രൂപ്പിലെ അംഗങ്ങളായ ഇവര്‍ സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് തിളക്കമാര്‍ന്ന വിജയം കൈവരിച്ചവരാണ്.
തബല, കീബോഡ് എന്നിവക്കൊപ്പം ലളിതഗാനത്തിലും മികവറിയിച്ചിട്ടുണ്ട്. ഹരിനന്ദ് മുതുവന എയുപി സ്കൂളിലെയും റമിന് റഷീദ് മണിയൂര്‍ യു പി സ്കൂളിലെയും വിദ്യാര്‍ഥികളാണ്.