മലയോര ഹൈവേ: ചെമ്പ്ര-28-ാം മൈൽ റോഡിന്റെ ടെൻഡർ നടപടി പൂർത്തിയായി
1549411
Saturday, May 10, 2025 4:48 AM IST
കൂരാച്ചുണ്ട്: കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ നിർദിഷ്ട മലയോര ഹൈവേയുടെ ചെമ്പ്ര മുതൽ ഇരുപത്തെട്ടാംമൈൽ വരെയുള്ള 9.45 കിലോമീറ്റർ റോഡിന്റെ കൂരാച്ചുണ്ട് അങ്ങാടിയിലെ കള്ളുഷാപ്പു മുതൽ മേലെ അങ്ങാടി ടെലിഫോൺ എക്സ്ചേഞ്ച് വരെയുള്ള 800 മീറ്റർ ദൂരം ഒഴിവാക്കിക്കൊണ്ടുള്ള പ്രവൃത്തിക്ക് 51.45 കോടി രൂപയുടെ ടെൻഡർ നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയായതായി കെ.എം സച്ചിൻ ദേവ് എംഎൽഎ അറിയിച്ചു.
ഇതിന്റെ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിയാണ് ഏറ്റെടുത്തിട്ടുള്ളത്. മലയോര ഹൈവേയുടെ നിലവാരത്തിൽ 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. ഏഴ് മീറ്റർ ക്യാരിയേജ് വേയും ഇരു ഭാഗങ്ങളിലും ഷോൾഡറും ഉൾപ്പെടെ ഒമ്പത് മീറ്ററാണ് റോഡിന്റെ ടാറിംഗ്.
ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തികളും ഓവുചാൽ സംവിധാനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രവൃത്തി നടത്തുന്നത്. അങ്ങാടികളിൽ ഇരുഭാഗത്തും നടപ്പാതകൾ, റോഡ് സേഫ്റ്റി സംവിധാനങ്ങൾ ഉൾപ്പെടെ പ്രവൃത്തിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. റോഡിന്റെ തലയാട് പടിയ്ക്കൽവയൽ മുതൽ ഇരുപത്തെട്ടാംമൈൽ വരെയുള്ള 6.7 കിലോമീറ്റർ ദൂരത്തിലുള്ള പ്രവൃത്തി പുരോഗമിച്ചു വരികയാണ്. ഇതിന് 41.25 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയുള്ള 5.5 കിലോമീറ്റർ ദൂരത്തിന്റെ പ്രവൃത്തിയും നടന്നുവരികയാണ്. ഇതിന് 31.46 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരത്തിന് ആവശ്യമായ വീതിയും കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത് അടക്കമുള്ളതിന്റെ സർവേ നടപടികൾ കെആർഎഫ്ബി എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ പൂർത്തിയാക്കിയെങ്കിലും ഇതിന്റെ എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി സമർപ്പിക്കേണ്ടതുണ്ട്.