കോര്പറേഷന് ഓഫീസിലെ സൈറണ്‍ പ്രവര്‍ത്തിച്ചില്ല : യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് മോക്ഡ്രില്‍
1548903
Thursday, May 8, 2025 5:30 AM IST
കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തിയത് നിരവധി സ്ഥലങ്ങളില്‍. മറ്റിടങ്ങളിലെല്ലാം മോക്ഡ്രില്‍ മുന്‍കൂട്ടി തീരുമാനിച്ചതുപോലെ പാകപ്പിഴകളില്ലാതെ നടത്താന്‍ കഴിഞ്ഞപ്പോള്‍ കോഴിക്കോട് കോര്പറേഷന് ഓഫീസില്‍ ആദ്യത്തെ അപായ സൈറണ്‍ മുഴങ്ങാത്തത് കല്ലുകടിയായി.
വൈകുന്നേരം നാലിനാണ് മോക് ഡ്രില്‍ ആരംഭിക്കേണ്ടിയിരുന്നത്. കോര്പറേഷന് ഓഫീസില്‍ ആദ്യത്തെ അപായ സൈറണ്‍ മുഴങ്ങാത്തതിനാല്‍ ജീവനക്കാരും ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായി. നാലുമണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സൈറണ്‍ മൂന്നു വട്ടം നീട്ടി ശബ്ദിക്കുമെന്നാണ് അറിയിച്ചിരുന്നത്.
സൈറണ്‍ കേള്‍ക്കുന്ന ഇടങ്ങളിലും കേള്‍ക്കാത്ത ഇടങ്ങളിലും 4.02നും 4.29നും ഇടയില്‍ ആണ് മോക്ക്ഡ്രില്‍ നടത്തേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. 4.28 മുതല്‍ സുരക്ഷിതം എന്ന സൈറണ്‍ 30 സെക്കന്‍ഡ് മുഴങ്ങുന്നതോടെയാണ് മോക്ഡ്രില്‍ അവസാനിപ്പിക്കേണ്ടത്. സൈറന്റെ അഭാവത്തില്‍ കോര്പറേഷന് ഓഫീസില്‍ മോക്ഡ്രില്‍ ആരംഭിക്കാനായില്ല. ജീവനക്കാരും ഫയര്‍ ഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥരും സൈറണ്‍ കേട്ടില്ല.
എന്നാല്‍ സൈറണ്‍ മുഴങ്ങിയെന്നായിരുന്നു കോര്പറേഷന് അധികൃതരുടെ വാദം. ഒടുവില്‍ നാലരക്ക് അവസാന സൈറണ്‍ മുഴങ്ങിയതോടെ ജീവനക്കാരും വിവിധ സേനാംഗങ്ങളും പിരിഞ്ഞുപോയി. മോക്ഡ്രില്‍ വീക്ഷിക്കാന്‍ ധാരാളം ആളുകള്‍ കോര്പറേഷന് പരിസരത്ത് എത്തിയിരുന്നു.
ബേപ്പൂര്‍ ജിഎച്ച്എസ്എസ്, ഏലത്തൂര്‍ പുതിയാപ്പ ജിഎഫ്എച്ച്എസ്എസ്, പയ്യോളി ജിഎച്ചഎസ്എസ്, കോഴിക്കോട് ഗവ. എന്‍ജിനീയറിംഗ് കോളജ്, പന്നിയങ്കര ജിയുപിഎസ്, കൊയിലാണ്ടി പിഡബ്ല്യൂഡി റസ്റ്റ് ഹൗസ്, തിരുവംഗൂര് കമ്മ്യൂണിറ്റി ഹെല്ത്ത്സെന്റര് എന്നിവിടങ്ങളിലും മോക്ഡ്രില്ലിന്റെ ഭാഗമായി അപായ സൈറണ്‍ മുഴക്കി. ജില്ലയിലെ മറ്റു പൊതു ഇടങ്ങളിലും മോക്ഡ്രില്‍ നടന്നു.
ആരാധനാലയങ്ങളിലെ അനൗണ്്സ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഗ്രാമപ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.ബോംബ്, മിസൈല്‍ ആക്രമണം, തീപിടുത്തം, ആക്രമണ സൂചന ലഭിച്ചാലുള്ള മുന്നൊരുക്കം തുടങ്ങിയ വിഭാഗങ്ങളായി തിരിച്ചായിരുന്നു മോക്ഡ്രില്‍.
സമാനമായ സാഹചര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളും ഒരുക്കങ്ങളുമാണ് മോക്ഡ്രില്ലിലൂടെ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്തിയത്. സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, എന്‍സിസി കേഡറ്റുകള്‍, അഗ്നിരക്ഷാ, പോലീസ് സേനാംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മോക്ഡ്രില്ലില്‍ പങ്കാളികളായി.
മുക്കം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം കൊടിയത്തൂർ പഞ്ചായത്തിലും മോക് ഡ്രിൽ സംഘടിപ്പിച്ചു. യുദ്ധമുണ്ടാവുമ്പോൾ ഓരോരുത്തരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടത് എങ്ങിനെയെന്ന് മനസിലാക്കുന്ന രീതിയിലായിരുന്നു സിവിൽ ഡിഫൻസ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
പന്നിക്കോട് എയുപി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷനായി. പി. ഹരിദാസൻ, പി. അബ്ദു, അങ്കണവാടി ടീച്ചർ രഹ്നാസ്, ആശാ വർക്കർ രമണി, പി.ബിന്ദു, റസിയ, അനിത തുടങ്ങിയവർ പ്രസംഗിച്ചു.
പേരാമ്പ്ര: പെരുവണ്ണാമൂഴിയിൽ ഇന്നലെ വൈകുന്നേരം നാലായപ്പോൾ ജനം കാത് കൂർപ്പിച്ചു, സൈറൺ മുഴങ്ങുന്നതും കാത്ത്. പക്ഷെ സൈറൺ മുഴങ്ങിയില്ല. തെരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിൽ മോക്ഡ്രിൽ അരങ്ങേറുമെന്ന് പൊതു അറിയിപ്പുണ്ടായിരുന്നു. അതിലൊന്ന് കുറ്റ്യാടി ജലസേചന പദ്ധതിയും ടൂറിസ്റ്റു കേന്ദ്രവും ജപ്പാൻ കുടിവെള്ള പദ്ധതിയും ചെറുകിട ജല വൈദ്യുതി ഉൽപ്പാദന കേന്ദ്രവും ഉൾപ്പെടുന്ന പെരുവണ്ണാമൂഴിയായിരുന്നു.
സമയം കഴിഞ്ഞിട്ടും ആരെയും കാണാനില്ലായിരുന്നു. ഒടുവിൽ പെരുവണ്ണാമൂഴി അണക്കെട്ടിനു സമീപം ആൾക്കൂട്ടം കണ്ടു. ജലസേചന പദ്ധതി ജീവനക്കാരും അണക്കെട്ട് കാണാനെത്തിയവരും ഏതാനും പോലീസ് ഉദ്യോഗസ്ഥരുമാണ് അവിടെ ഉണ്ടായിരുന്നത്.
അടിയന്തര സന്ദർഭത്തെ എങ്ങനെ നേരിടണമെന്ന ബോധവത്കരണം പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടർ എസ്. ഗൗതം ആൾക്കൂട്ടത്തിനു നൽകി. ജലസേചന വകപ്പ് അസി. എക്സി.എൻജിനീയർ പി.കെ. ബിജു, സിവിൽ പോലീസ് ഓഫീസർ ടി. സമീർ എന്നിവർ സന്നിഹിതരായിരുന്നു.