തീരദേശ പോലീസിന്റെ ബോട്ടുകളുടെ അറ്റകുറ്റ ചുമതല ബേപ്പൂരിലെ കന്പനിക്ക്
1377493
Monday, December 11, 2023 12:49 AM IST
കോഴിക്കോട്: സംസ്ഥാനത്തെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റർസെപ്റ്റർ സംവിധാനമുള്ളതടക്കമുള്ള ബോട്ടുകളുടെ അറ്റകുറ്റപ്പണി ചുമതല ഇനി കോഴിക്കോട് ബേപ്പൂരിലുള്ള കന്പനിക്ക്.
വാർഷിക മെയിന്റനൻസ് കരാർ പുതുക്കാൻ കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ് (സിഎസ്എൽ) കാര്യമായ താൽപര്യമായ കാണിക്കാത്ത സാഹചര്യത്തിൽ പുതിയ ടെൻഡർ വിളിച്ചാണ് ബേപ്പൂരിലെ മറൈൻ എക്യുപ്മെന്റ് സ്പെയർ പാർട്സ് സർവീസിംഗ് കന്പനിയുമായി ധാരണയിലെത്താൻ തീരുമാനിച്ചത്.
തീരദേശ സുരക്ഷാ സ്കീമിന് കീഴിലുള്ള തീരദേശ പോലീസ് സ്റ്റേഷനുകളിലെ ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കായി മൂന്ന് വർഷത്തേക്ക് 3,80,05,440 രൂപനിരക്കിൽ ബേപ്പൂരിലെ കന്പനിയുമായി കരാറിൽ ഏർപ്പെടാൻ സംസ്ഥാന പോലീസ് മേധാവിക്ക് സർക്കാർ അനുമതി നൽകി. സിഎസ്എൽ നൽകിയതിനേക്കാൾ കുറഞ്ഞ നിരക്കാണ് ബേപ്പൂരിലെ മറൈൻ എക്യുപ്മെന്റ് സ്പെയർ പാർട്സ് സർവീസിംഗ് കന്പനി ടെൻഡറിൽ കാണിച്ചിരുന്നത്.
തീരദേശ പോലീസ് സ്റ്റേഷനുകളിലെ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള കരാർ മുന്പ് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡി (സിഎസ്എൽ)നാണ് നൽകിയിരുന്നത്. കരാർ കാലാവധി നാലു വർഷമായിരുന്നു. കാലാവധി 01. 04.2023ന് അവസാനിച്ച സാഹചര്യത്തിൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട് സിഎസ്എലുമായി സംസ്ഥാന പോലീസ് മേധാവി ചർച്ച നടത്തിയിരുന്നു.
കോസ്റ്റൽ പോലീസിന്റെ ഇന്റർസെപ്റ്റർ ബോട്ടുകൾ പോലുള്ള ചെറുകിട കപ്പലുകളുടെ അറ്റകുറ്റപ്പണി കരാർ ഏറ്റെടുക്കാൻ സിഎസ്എല്ലുമായി നടത്തിയ ചർച്ചയിൽ കുറഞ്ഞ താൽപര്യം മാത്രമാണ് അവർ കാണിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിനു റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പുതിയ കരാറിൽ ഏർപ്പെടുന്നതിന് ടെൻഡർ നടത്തിയത്.