പുതുവത്സരത്തിന് കോഴിക്കോട് നഗരത്തിൽ ദീപാലങ്കാരം ഒരുക്കും
1377491
Monday, December 11, 2023 12:49 AM IST
കോഴിക്കോട്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തീം ബേസ്ഡ് ഇല്യൂമിനേഷൻ ഒരുക്കാൻ തീരുമാനം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 27 മുതൽ ജനുവരി രണ്ടു മാനാഞ്ചിറ കേന്ദ്രമാക്കി ബീച്ച് വരെ ആകർഷകമായ ദീപാലങ്കാരം ഒരുക്കും.
സ്റ്റേറ്റ് ഓഫ് ഹാപ്പിനസ് ആൻഡ് ഹാർമണി എന്ന തീം അടിസ്ഥാനമാക്കിയാണ് ദീപാലങ്കാരമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ആലോചനാ യോഗത്തിൽ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
ഒരാഴ്ച നീണ്ടു നിൽക്കുന്ന ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം മാനാഞ്ചിറ സ്ക്വയറിൽ ഡിസംബർ 27ന് മന്ത്രി പി. മുഹമ്മദ് റിയാസ് നിർവഹിക്കും. ഇതോടനുബന്ധിച്ച് കോഴിക്കോട്ടെ സാംസ്കാരിക, രാഷ്ട്രീയ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ കേക്ക് മുറിക്കും.
മാനാഞ്ചിറയ്ക്കു പുറമേ സിഎച്ച് പാലം മുതൽ കോഴിക്കോട് ബീച്ച് വരെയും ദീപങ്ങളാൽ അലങ്കരിക്കും. ഇല്യൂമിനേഷന്റെ പ്രചരണാർത്ഥം ദീപങ്ങളാൽ അലങ്കരിച്ച 10 ഓട്ടോറിക്ഷകൾ നഗരത്തിൽ പ്രയാണം നടത്തും.
യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ടൂറിസം ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, കെടിഐഎൽ ചെയർമാൻ എസ്.കെ. സജീഷ് എന്നിവർ പങ്കെടുത്തു.