ഷവർമയിൽ പുഴു; ആരോഗ്യ വകുപ്പ് വിൽപന തടഞ്ഞു
1226096
Thursday, September 29, 2022 11:57 PM IST
നാദാപുരം: ബസ് സ്റ്റാൻഡിന് പിൻവശത്തെ ബേക്കറി ടി സ്റ്റാൾ കടയിൽ വിൽപന നടത്തിയ ഷവർമ്മയിൽ പുഴുവിനെ കണ്ടെത്തി. നാദാപുരത്തെ ബേക്ക് പോയിന്റ് കേക്ക് ഷോപ്പിൽ വിൽപന നടത്തിയ ഷവർമയിലാണ് പുഴുവിനെ കണ്ടെത്തിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവിഭാഗം അധികൃതർ ഷവർമ വിലക്കി. വിദ്യാർഥികൾക്ക് കഴിക്കാൻ നൽകിയ ഷവർമയിലാണ് പുഴുക്കളെ കണ്ടത്.
വിദ്യാർഥിയുടെ രക്ഷിതാവ് ആരോഗ്യവകുപ്പിന് പരാതി നൽകിയതിനെ തുടർന്ന് സ്ഥാപനത്തിൽ പരിശോധന നടത്തിയപ്പോൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലാതെയും സ്ഥാപനം പ്രവർത്തിക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ഷവർമയും ശീതളപാനീയങ്ങളും ഉണ്ടാക്കുന്നതും വിൽപന നടത്തുന്നതും ആരോഗ്യവിഭാഗം തടഞ്ഞു.
ഷവർമ കഴിച്ച കുട്ടികളുടെ പരാതികൾ വാട്സാപ്പ് വഴി ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെഎച്ച്ഐ പി.കെ. പ്രീജിത്ത്, കെ. പ്രസാദ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രസാദ് എന്നിവർ നടത്തിയ പരിശോധനയെ തുടർന്നായിരുന്നു നടപടി.
സർക്കാർ ഉത്തരവ് പ്രകാരമുള്ള എല്ലാവിധ മാനദണ്ഡങ്ങളും പാലിക്കാത്ത മുഴുവൻ ഷവർമ സ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും എന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോക്ടർ എം ജമീല അറിയിച്ചു.