ക്ഷയരോഗ നിര്‍മാര്‍ജനം : നൂറുദിന തീവ്ര ബോധവത്കരണ കാന്പയിന് ജില്ലയിൽ തുടക്കം
1492407
Saturday, January 4, 2025 6:06 AM IST
മലപ്പുറം: ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ലക്ഷ്യമിട്ടുള്ള നൂറു ദിവസത്തെ തീവ്രബോധവത്കരണ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് പി. ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് അബ്ദുള്‍ഹമീദ് പരി അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക മുഖ്യപ്രഭാഷണം നടത്തി. ക്ഷയരോഗ മരണങ്ങള് 90 ശതമാനം കുറയ്ക്കുക, ക്ഷയരോഗം കാരണം ആര്‍ക്കും അധികം സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാമ്പയിന് നടത്തുന്നത്. കണ്ടെത്താനാകാതെ മറഞ്ഞിരിക്കുന്ന ക്ഷയരോഗ ബാധിതരെ എത്രയും വേഗം കണ്ടെത്തുകയും അതിലൂടെ അണുബാധയുടെ വ്യാപനം തടയുകയും ഗ്രാമങ്ങളും സമൂഹവും രോഗമുക്തമാക്കുകയും ചെയ്യുക എന്നത് ലക്ഷ്യമാണ്.
കോളജ് വിദ്യാര്‍ഥികളും ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുത്ത നൂറുദിന ബോധവത്കരണ വിളംബര റാലി കളക്ടര്‍ വി.ആര്. വിനോദ് ഫ്ളാഗ് ഓഫ് ചെയ്തു. ക്ഷയരോഗ നിര്‍മാര്‍ജന ബോധവത്കരണ സന്ദേശങ്ങള്‍ അടങ്ങിയ ജില്ലയിലെ 10 നിക്ഷയ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് നന്ദഗോപന് നിര്‍വഹിച്ചു.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ജില്ലാ മുന്‍ ടിബി ഓഫീസറും ആരോഗ്യവകുപ്പ് റിട്ട. അഡീഷണല്‍ ഡയറക്ടറുമായ ഡോ. കെ.വി. നന്ദകുമാറിനെ ആദരിച്ചു. വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം, പ്രതീകാത്മക ബലൂണ്‍ പറത്തല്‍, സിഗ്നേച്ചര്‍ കാമ്പയിന്, സെല്‍ഫി പോയിന്റ്, ഫ്ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.
ചടങ്ങില്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാദി, എഡിഎം എന്‍.എം. മെഹറലി, ജില്ലാ ടിബി ഓഫീസര്‍ ഡോ. സി. ഷുബിന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, റിട്ട. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.വി. നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബോധവത്കരണ സന്ദേശ റാലിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കോട്ടക്കല്‍ അല്‍മാസ് നഴ്സിംഗ് കോളജ് ഒന്നാം സ്ഥാനവും കൊണ്ടോട്ടി അല്റൈഹാന് കോളജ് രണ്ടാം സ്ഥാനവും അങ്ങാടിപ്പുറം മൗലാന ഫാര്‍മസി കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികളായ കോളജ് വിദ്യാര്‍ഥികള്‍ക്കും ക്വിസ് മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കും സമ്മാനം നല്കി. ഉദ്ഘാടനത്തോടനുബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകരുടെയും കോളജ് വിദ്യാര്‍ഥികളുടെയും ആശാപ്രവര്‍ത്തകരുടെയും കലാപരിപാടികള്‍ നടന്നു.