"സൈബർ ഇടങ്ങളിൽ കരുതൽ വേണം'
1492135
Friday, January 3, 2025 4:58 AM IST
അങ്ങാടിപ്പുറം: ഇന്റർനെറ്റ്, ഡിജിറ്റൽ, ഗെയിമിംഗ്, മൊബൈൽ സാങ്കേതികവിദ്യകൾ വഴി സൈബർ വില്ലൻമാർ ഏതു രൂപത്തിലും ഭാവത്തിലും എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപ്പെടുമെന്നും ഇത്തരം സൈബർ ഭീഷണികൾ കുട്ടികളുടെ ആത്മാഭിമാനത്തിനും ആത്മവിശ്വാസത്തിനും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സൈബർ സുരക്ഷാ സെമിനാർ വ്യക്തമാക്കി.
നാഷണൽ സർവീസ് സ്കീം, നല്ലപാഠം, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചത്.
കുറ്റകരമായ സന്ദേശങ്ങൾ തയാറാക്കുന്നതും അപകീർത്തികരമായ ട്രോളുകൾ സൃഷ്ടിക്കുന്നതും മറ്റൊരാൾ തയാറാക്കിയ കുറ്റകരമായ മെസേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് ക്ലാസ് നയിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം. ഷാഫി പന്ത്രാല (മലപ്പുറം സൈബർ ക്രൈം) ഓർമിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ പി.ടി.സുമ ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധ്യാപകരായ പി.കെ.നിർമൽ കുമാർ, ജി.സിന്ധു, നല്ലപാഠം കോഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സേവ്യർ എം.ജോസഫ്, പി.അജോഷ് കുമാർ, നിതാര ജോസ് എന്നിവർ നേതൃത്വം നൽകി.