ബാലികക്ക് നേരെ ലൈംഗികാതിക്രമം: 49കാരന് തടവും പിഴയും
1492412
Saturday, January 4, 2025 6:06 AM IST
മഞ്ചേരി: പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 49കാരനെ മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി വിവിധ വകുപ്പുകളിലായി ആറു വര്‍ഷവും ഒരുമാസവും കഠിന തടവിനും 75500 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കോഡൂര്‍ ആല്‍പ്പറ്റക്കുളമ്പ് ചെറുകാട്ടില്‍ അബ്ദുള്‍ ഹമീദിനെയാണ് ജഡ്ജ് എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2024 മാര്‍ച്ച് 19നാണ് കേസിനാസ്പദമായ സംഭവം.
പ്രതിയുടെ കടയിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. മലപ്പുറം വനിതാ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടറായിരുന്ന ഇന്ദിരാമണിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്‍സ്പെക്ടറായിരുന്ന റസിയ ബംഗാളത്താണ് തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 13 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 14 രേഖകളും ഹാജരാക്കി.