മണ്ണില്‍ കാട്ടുപന്നിയും കാട്ടാനയും, ടെറസില്‍ കുരങ്ങും : "ഇവിടെ കൃഷി നടക്കാന്‍ പോകുന്നില്ല'
1492137
Friday, January 3, 2025 4:58 AM IST
നിലമ്പൂര്‍: കൃഷിമന്ത്രി പി. പ്രസാദിനെ വേദിയിലിരുത്തി വനം-വന്യജീവി വകുപ്പിനെതിരേ ആഞ്ഞടിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. കര്ഷകന് എവിടെ കൃഷി ചെയ്യുമെന്ന് ചോദിച്ചാണ് പി.വി. അന്‍വര്‍ തുടങ്ങിയത്. മണ്ണില്‍ പറ്റില്ല. കാരണം മണ്ണിൽ കൃഷി ചെയ്താല്‍ കാട്ടുപന്നിയും കാട്ടാനയും അത് നശിപ്പിക്കും.
ഇനി ടെറസില്‍ ചെയ്യാമെന്ന് വച്ചാലോ കുരങ്ങും ഭീഷണിയാണ്. വനം വന്യജീവി വകുപ്പിന്റെ വന്യമൃഗ സംരക്ഷണം മൂലം ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മന്ത്രി പി. പ്രസാദ് തല കുത്തിമറിഞ്ഞ് പരിശ്രമിച്ചാലും കേരളത്തില്‍ കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാലു പേര് വന്യമൃഗ ആക്രമണം മൂലം സംസ്ഥാനത്ത് മരിച്ചു. വന ഭേദഗതി നിയമം വരുന്നതോടെ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മുണ്ടേരി, മുട്ടിക്കടവ് ഫാമുകളിലേക്കുള്ള ജലസേചനം മുടങ്ങും. പുഴകള്‍ വനംവകുപ്പിന്റേതായി മാറും. അതിനാല്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ മന്ത്രി വനംഭേദഗതി ബില്ലിനെതിരേ രംഗത്ത് വരണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
പി.വി. അബ്ദുള്‍ വഹാബ് എംപി, ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. റഫീഖ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു എംഎല്‍എയുടെ പ്രസംഗം.
സംസ്ഥാന സര്‍ക്കാരും പി.വി. അന്‍വറും തമ്മില്‍ നിലനിന്നിരുന്ന തമ്മിലടിക്ക് ശേഷം ഒരു ഇടവേള കഴിഞ്ഞാണ് നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമുള്പ്പെടുന്ന ഒരു പൊതുവേദിയില്‍ പി.വി. അന്‍വര്‍ എംഎല്‍എ സംസാരിക്കുന്നത്.