വനം നിയമഭേദഗതി: ഡിഎഫ്ഒ ഓഫീസിലേക്ക് കോണ്‍ഗ്രസ് ലോംഗ് മാര്‍ച്ച്
1492418
Saturday, January 4, 2025 6:12 AM IST
മലപ്പുറം: വനനിയമ ഭേദഗതിക്കും വന്യമൃഗ ആക്രമണങ്ങളില്‍ നടപടിയെടുക്കാത്തതിനുമെതിരേ നിലമ്പൂര്‍, എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭത്തിന് തുടക്കമിടുകയാണെന്ന് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലൊളി മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ച് മുതല്‍ 10 വരെ നിലമ്പൂര്‍ മേഖലയിലെ വഴിക്കടവ്, എടക്കര, മൂത്തേടം, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം, ചാലിയാര്‍ പഞ്ചാത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും കര്‍ഷക സദസുകള്‍ നടത്തും. ലോംഗ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം 15,16 തിയതികളില്‍ നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ്, എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു തോപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ഡലത്തിലുടനീളം വാഹന പ്രചാരണജാഥ നടത്തും.
ജനുവരി മൂന്നാം വാരത്തില്‍ വഴിക്കടവില്‍ നിന്നും നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിലേക്ക് ലോംഗ് മാര്‍ച്ച് നടത്തും. സംസ്ഥാന, ജില്ലാ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. വന്യജീവി ആക്രമണങ്ങളില്‍ നടപടിയെടുക്കാത്തതിനെതിരേ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചടക്കമുള്ള ജനകീയ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്.
എട്ടുവര്‍ഷക്കാലം എംഎല്‍എയായിട്ടും വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ മലയോര കര്‍ഷകര്‍ക്കുവേണ്ടി ചെറുവിരലനക്കാതെ വഞ്ചിച്ചതിന് മാപ്പുപറഞ്ഞു വേണം പി.വി. അന്‍വര്‍ എംഎല്‍എ പ്രഖ്യാപിച്ച ജനകീയ യാത്ര നടത്തേണ്ടതെന്നും പാലോളി മെഹ്ബൂബ് പറഞ്ഞു.