മഞ്ചേരിയില്‍ ഓട്ടോതൊഴിലാളികളെ വലച്ച് അനധികൃത സര്‍വീസ് പെരുകുന്നു
1492415
Saturday, January 4, 2025 6:06 AM IST
മഞ്ചേരി: ഒരിടവേളക്കു ശേഷം മഞ്ചേരി നഗരത്തില്‍ പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ നിരത്ത് കൈയടക്കുന്നു. ഇത്തരത്തിലുള്ള ഓട്ടോകളെ തടയുന്നതില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നിഷ്ക്രിയത്വം പാലിക്കുന്നതായി ആരോപണമുയരുന്നു. നിയമവിധേയമായി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്ക്കാണിത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.ഒട്ടോറിക്ഷകളുടെ അനധികൃത സര്‍വീസ് സംബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.
രണ്ടായിരത്തോളം ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് അനുമതിയുള്ള മഞ്ചേരി നഗരത്തില്‍ അനുമതി ഇല്ലാതെ നൂറുക്കണക്കിന് ഓട്ടോറിക്ഷകളാണ് നിരത്തിലിറങ്ങുന്നത്. സ്റ്റാന്‍ഡില്‍ കയറാതെ റോഡുകളില്‍ കറങ്ങി യാത്രക്കാരെ കയറ്റി പോകുന്ന രീതിയാണ് ഇത്തരക്കാര്‍ അവലംബിക്കുന്നത്.
ബസുകള്‍ നിര്‍ത്തി ആളെ ഇറക്കുന്ന സ്ഥലങ്ങളില്‍ ചെന്ന് യാത്രക്കാരെ റാഞ്ചുന്നവര്‍ പെര്‍മിറ്റോടുകൂടി സര്‍വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ വയറ്റത്തടിക്കുകയാണ്. ഓട്ടോ സ്റ്റാന്‍ഡ് അന്വേഷിച്ച് കഷ്ടപ്പെടേണ്ട എന്ന കാരണം കൊണ്ട് യാത്രക്കാരും ഇങ്ങനെ പിറകെ വരുന്ന ഓട്ടോകളെ ആശ്രയിക്കുന്നു. ഇത് നിര്‍ബാധം തുടരുമ്പോള്‍ എല്ലാ നിയമങ്ങളും പാലിച്ച് സര്‍വീസ് നടത്തുന്ന തൊഴിലാളികളും ഓട്ടോറിക്ഷകളും സ്റ്റാന്‍ഡില്‍ തന്നെ വരിയായി കിടക്കേണ്ടി വരുന്നു.
പെര്‍മിറ്റുളള ഓട്ടോറിക്ഷകള്‍ക്ക് ഇപ്പോള്‍ കാര്യമായി ഓട്ടം കിട്ടുന്നില്ല. ഇന്ധന വിലയും ജീവിത ചെലവും വര്‍ധിക്കുമ്പോള്‍ കുടുംബം പുലര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണെന്ന് സാധാരണക്കാരായ ഓട്ടോ തൊഴിലാളികള്‍ പറയുന്നു. സമീപ പ്രദേശങ്ങളിലെ ഓട്ടോറിക്ഷകളാണിങ്ങനെ നഗരത്തില്‍ അനധികൃത സര്‍വീസ് നടത്തുന്നത്. പെര്‍മിറ്റില്ലെന്ന് മാത്രമല്ല, നിയമം അനുശാസിക്കുന്ന ഫെയര്‍ മീറ്ററും ഇത്തരം ഓട്ടോറിക്ഷകളില്‍ ഉണ്ടാകാറില്ല.
നിയമത്തെ കബളിപ്പിച്ച് സര്‍വീസ് നടത്തുന്നവര്‍ യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നെന്ന പരാതിയും വ്യാപകമായുണ്ട്. ഇതിന്റെ പഴിയും അംഗീകൃത ഓട്ടോ തൊഴിലാളികള്‍ക്കാണ് കേള്‍ക്കേണ്ടി വരുന്നതെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നും കെടിയുസി ജേക്കബ് ഓട്ടോ തൊഴിലാളി യൂണിയന് മഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.സി. ഷബീര്‍ അധ്യക്ഷത വഹിച്ചു. അക്ബര്‍ മിനായി, സുനില്‍ ജേക്കബ്, റിയാസ് പാലായി, മുഹമ്മദ് ഹനാന് പിലാക്കല്‍, നാസര്‍ പുല്ലാര, ഫസല്‍ മുടിക്കോട് എന്നിവര്‍ പ്രസംഗിച്ചു.