ഉജ്വല ബാല്യം പുരസ്കാരം റൂമി മിയാന്‍
1492416
Saturday, January 4, 2025 6:06 AM IST
പടപ്പറമ്പ്: കടുങ്ങപുരം ഗവണ്മെന്റ് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി റൂമി മിയാന്‍ ചിത്രം, ശില്പകല, ഡിജിറ്റല്‍ ആര്‍ട്ട് എന്നിവയിലെ മികവിനുള്ള ഈ വര്‍ഷത്തെ ഉജ്വല ബാല്യം പുരസ്കാരത്തിന് അര്‍ഹനായി.
പക്ഷി നിരീക്ഷണം, പ്രകൃതി നിരീക്ഷണം, ചിത്രകല, ശില്പകല, ഡിജിറ്റല്‍ ആര്‍ട്ട് തുടങ്ങി വിവിധ മേഖലകളില്‍ പത്ത് വയസിനുള്ളില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച റൂമി, സ്കൂള്‍ കലോത്സവം, ശാസ്ത്രോത്സവം, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ചിത്രരചനാ മത്സരം എന്നിവയുള്‍പ്പെടെ ജില്ലാ, സംസ്ഥാനതല മത്സരങ്ങളില്‍ വിജയിയാണ്.
പടപ്പറമ്പ് പുളിവെട്ടി വടക്കേതില്‍ ഹൗസിലെ അധ്യാപകനും ചിത്രകാരനുമായ സിദീഖ് ജറീകയുടെയും ഹുസൈനത്ത് തസ്നിയുടെയും മകനാണ് റൂമി. രണ്ട് വയസുകാരന് റൂഹി മിയാന്‍ സഹോദരനാണ്. മൂന്നുവയസ് മുതല്‍ ചിത്രങ്ങളും കളിമണ്‍ ശില്പങ്ങളും ഡിജിറ്റല്‍ ആര്‍ട്ടുകളും ഉള്‍പ്പെടെ ആയിരത്തോളം രചനകള്‍ റൂമി നടത്തിയിട്ടുണ്ട്.
ഗാസയില്‍ യുദ്ധഭീകരതക്കെതിരേ കുട്ടികളോട് അനുഭാവം പ്രകടിപ്പിച്ചു റൂമി നിര്‍മിച്ച "ലെറ്റ്സ് ദ ആന്റ്സ് ലിവ് ഇന്‍ ദ ഗാസ’ (ഗാസയില്‍ ഉറുമ്പുകളെങ്കിലും ജീവിച്ചോട്ടെ ) എന്ന അര മിനിറ്റ് ദൈര്‍ഘ്യമുള്ള ആനിമേഷന്‍ സിനിമ ഉള്‍പ്പെടെ നിരവധി സാമൂഹിക പ്രസക്തമായ രചനകളാണ് റൂമിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. സാമൂഹിക ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.