കാട്ടാന ആക്രമണം; ചാലിയാറിൽ വ്യാപക കൃഷിനാശം
1492132
Friday, January 3, 2025 4:58 AM IST
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ കാട്ടനകളുടെ വിളയാട്ടം. മതിൽമൂല പൂളപ്പെട്ടിയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള 2008ലെ ഹരിതമിത്ര അവാർഡിന് അർഹനായ നാലകത്ത് സിദ്ദിഖിന്റെ നേന്ത്രവാഴ തോട്ടവും കപ്പ തോട്ടവുമാണ് ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ കാട്ടാനകൾ നശിപ്പിച്ചത്.
ഒരു മാസത്തിനുള്ളിൽ വിൽക്കാൻ കഴിയുന്നവിധം നിന്നിരുന്ന 250 ഓളം നേന്ത്രകുലകളാണ് നശിപ്പിക്കപ്പെട്ടത്. 300 ലേറെ കപ്പയും 50 ലേറെ പൂവൻ വാഴയും നശിപ്പിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 11 മണി വരെ സിദ്ദിഖ് കൃഷിയിടത്തിലുണ്ടായിരുന്നു.
ആനകൾ കയറാതിരിക്കാൻ പടക്കം പൊട്ടിച്ച ശേഷമാണ് വീട്ടിലേക്ക് പോയത്. പുലർച്ചെ അഞ്ചുമണിയോടെ തോട്ടത്തിൽ എത്തിയപ്പോഴാണ് കൃഷിയിടം നശിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ഏഴര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരുന്നതിനിടെയാണ് കാട്ടാന ആക്രമണം. കൃഷിയിടത്തിന് ചുറ്റുമുള്ള വൈദ്യുത വേലിയും തകർത്തിട്ടുണ്ട്. വാഴത്തോട്ടത്തിലെ ജലസേചനത്തിന് ഉപയോഗിക്കുന്ന പെപ്പുകളും ചവിട്ടി നശിപ്പിച്ചിട്ടുണ്ട്.
ചുങ്കത്തറ മുട്ടിക്കടവില്‍ മന്ത്രി പ്രസാദ് ബുധനാഴ്ച ആദരിച്ച കര്‍ഷകരില്‍ ഒരാളാണ് സിദ്ദിഖ്.കൃഷിമന്ത്രിക്ക് സിദ്ദിഖ് നൽകിയ പരാതിയെ തുടർന്ന് ജില്ലാ കൃഷി ഓഫീസർ കൃഷിയിടം സന്ദർശിച്ചു. കാനക്കുത്ത് വനമേഖലയിൽ നിന്നും കാഞ്ഞിരപുഴ കടന്നാണ് കാട്ടാനകൾ കൂട്ടമായി എത്തുന്നത്.