വെള്ളനാട് പഞ്ചായത്തിൽ കുടിവെള്ളമില്ല : പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാട്ടർഅഥോറിറ്റി എക്സി.എൻജിനിയറെ ഉപരോധിച്ചു
1544789
Wednesday, April 23, 2025 6:51 AM IST
നെടുമങ്ങാട് : വെള്ളനാട് പഞ്ചായത്തിലെ 18 വാർഡുകളിലെ 12 ഓളം വാർഡുകളിൽ അഞ്ച് ദിവസമായി കുടിവെള്ളമെത്താത്തതിൽ പ്രതിഷേധിച്ച് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങൾ അരുവിക്കര വാട്ടർ അഥോറിറ്റി എക്സി. എൻജിനിയർ എം. മനോജിനെ ഉപരോധിച്ചു.
കുടിവെള്ളം എത്താത്തതിനെ തുടർന്ന് വീട്ടുകാരുടെ പരാതിയിന്മേൽ മൂന്നാം തവണയാണ് ഇ ഇ യെ ഉപരോധിച്ചത്. പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയെങ്കിലും വാട്ടർ അഥോറിറ്റിയുടെ അനാസ്ഥ കൊണ്ടാണ് കുടിവെള്ളം കിട്ടാത്തതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ പറഞ്ഞു.
25 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടിൽ നിന്നും ഇപ്പോൾ വാട്ടർ അഥോറിറ്റിക്ക് പമ്പ് സ്ഥാപിക്കാൻ വേണ്ടി ഡെപ്പോസിറ്റ് നൽകിയെങ്കിലും ആറ് മാസം ആയി പണികൾ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ളമെത്തിക്കാനൂള്ള സാഹചര്യം ഉടൻ പരിഹരിക്കാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. കടുവാക്കുഴി ബിജു, സന്തോഷ് കുമാർ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.