കുരുന്നെഴുത്തുകള്‍ മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും : എഴുത്തുകാരിലൊരാളായി നെയ്യാറ്റിന്‍കര ഗവ. ജെബിഎസിലെ പി.സിദ്ധാര്‍ഥും
1544788
Wednesday, April 23, 2025 6:49 AM IST
ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര : ലോകപുസ്തക ദിനത്തില്‍ കുരുന്നെഴുത്തുകളുടെ പ്രകാശനവേദിയിലേയ്ക്ക് മന്ത്രിയുടെ ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നെയ്യാറ്റിന്‍കര ഗവ. ജെബിഎസിലെ ഒന്നാം ക്ലാസുകാരനായ പി. സിദ്ധാര്‍ഥ്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തനിക്ക് കത്തയച്ചതിന്റെ ആഹ്ലാദം കൂട്ടുകാരുമായി നേരില്‍ പങ്കിടാന്‍ അവധിക്കാലമായതിനാല്‍ കഴിയുന്നില്ലായെന്നതിന്റെ നേരിയ നിരാശയും ഈ കുരുന്ന് മനസിലുണ്ട്. വിദ്യാലയത്തിനും നാടിനൊന്നാകെയും അഭിമാനകരമായ നേട്ടമാണിതെന്ന് സ്കൂള്‍ അധികൃതർ കൂട്ടിച്ചേര്‍ത്തു.
ഒന്നാം ക്ലാസിലെ വിദ്യാര്‍ഥികളുടെ ഡയറിക്കുറിപ്പുകള്‍ ചേര്‍ത്തൊരുക്കിയ സമാഹാരമാണ് മന്ത്രി വി. ശിവന്‍കുട്ടി എഡിറ്ററായ കുരുന്നെഴുത്തുകള്‍. കുഞ്ഞുങ്ങളുടെ ഡയറിക്കുറിപ്പുകൾക്കൊപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും പുസ്തകത്തിലുണ്ട്. വിദ്യാകിരണം മിഷനാണ് പുസ്തകം പുറത്തിറക്കുന്നത്.
കുട്ടികളുടെ സൃഷ്ടികൾ ശേഖരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി തന്നെ എഡിറ്ററായി പുസ്തകം പുറത്തിറക്കുന്നത് ഒരുപക്ഷെ രാജ്യത്ത് തന്നെ ആദ്യമായാകുമെന്നും വി. ശിവന്‍കുട്ടി സമൂഹ മാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് ഉച്ചയ്ക്ക് 12ന് ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് കുരുന്നെഴുത്തുകള്‍ പ്രകാശനം ചെയ്യും. ഈ ചടങ്ങിലേക്കാണ് കുരുന്നെഴുത്തുകളിലെ ഒരെഴുത്തുകാരന് കൂടിയായ സിദ്ധാര്‍ഥിനെ മന്ത്രി വി. ശിവന്‍കുട്ടി കത്തിലൂടെ ക്ഷണിച്ചത്. പതിനൊന്നരയോടെ സ്കൂളില്‍ എത്തിച്ചേരാനാണ് നിര്‍ദേശം.
ലൈബ്രറികൾക്കും സ്കൂൾ ലൈബ്രറിക്കും പുസ്തക ചന്തയ്ക്കും ജീവൻ വച്ച വർഷമായിരുന്നു 2024-25 അക്കാദമിക് വര്‍ഷമെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രഭ `ദീപിക`യോട് പറഞ്ഞു. ഇക്കഴിഞ്ഞ വര്‍ഷത്തെ അക്കാദമിക് മാസ്റ്റർപ്ലാൻ തയാറാക്കിയപ്പോൾ പ്രധാന പ്രവർത്തനം "വായന" യായി ആസൂത്രണം ചെയ്തു.
എല്ലാ ക്ലാസിലും ലൈബ്രറി സമയം ക്രമീകരിക്കുകയും വിദ്യാര്‍ഥികള്‍ക്ക് വായനയോട് താൽപര്യം കൂടാനയി വിവിധ ബാലമാസികകളും മറ്റും വാങ്ങി നല്‍കുകയും ചെയ്തുവെന്ന് എച്ച്.എം അറിയിച്ചു. എഴുത്തുകാരി കൂടിയായ ശ്യാമയാണ് സിദ്ധാര്‍ഥിന്റെ ക്ലാസ് ടീച്ചര്‍.
ജൂൺ ഒന്ന് മുതല്‍ തന്നെ ഒന്നാം ക്ലാസിലെ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സഹായത്തോടെ സംയുക്ത ഡയറി എഴുതാൻ തുടങ്ങി. തുടർന്ന് വിദ്യാര്‍ഥികള്‍ സ്വന്തമായി ഡയറി എഴുതാനും വായിക്കാനും ശ്രമിച്ചു.
വിദ്യാര്‍ഥികളുടെ ഡയറി എഴുത്തുകൾ സ്കൂൾ ഗ്രൂപ്പിലും ക്ലാസ് ഗ്രൂപ്പിലും ഒന്നഴകിന്റെ സംയുക്ത ഡയറി ഗ്രൂപ്പിലും ഷെയർ ചെയ്തു. ഇവയിൽ മിക്കതും നവമാധ്യമങ്ങളിലും പങ്കിട്ടിരുന്നുവെന്നും ശ്യാമ `ദീപിക`യോട് പറഞ്ഞു.