മുതലപ്പൊഴി: വി. ശശി എംഎൽഎയുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
1544422
Tuesday, April 22, 2025 6:03 AM IST
തിരുവനന്തപുരം: മുതലപ്പൊഴി വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് ചിറയിൽകീഴ് എംഎൽഎ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ചും, ഉപരോധവും നടത്തി. കേരളത്തിന്റെ സ്വന്തം സൈന്യമെന്നു മുഖ്യമന്ത്രി കൊട്ടിഘോഷിച്ച മത്സ്യത്തൊഴിലാളികൾ അവരുടെ ജീവനോപാധികൾ സംരക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന സമരത്തെ അധിക്ഷേപിക്കുകയും, മുതലപ്പൊഴി വിഷയം പരിഹരിക്കുന്നതിനു ക്രിയാത്മകമായി ഇടപെടാതിരിക്കുകയും ചെയ്ത സ്ഥലം എംഎൽഎ വി. ശശിയുടെ ചിറയിൻകീഴിലെ ഓഫീസിലേക്കാണു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്.
ഡികെടിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മാടൻവിള നൗഷാദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ രാജശേഖരൻ നായർ, വെട്ടുറോഡ് സലാം, മനോജ് മോഹൻ, അഡ്വ. എച്ച്.പി. ഹാരിസൻ, എ.ആർ. നിസാർ, കടയറ ജയചന്ദ്രൻ, കഠിനംകുളം ജോയി, കെ. ഓമന, യു. പ്രകാശ്, കാലടി സുരേഷ്, ജി.ആർ. അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
സംഘർഷത്തിനൊടുവിൽ ഓഫീസ് ഉപരോധിച്ച അഡ്വ. എസ്. കൃഷ്ണകുമാർ, മനോജ് മോഹൻ, പുതുക്കരി പ്രസന്നൻ, എസ്.കെ സുജി, മാടൻവിള നൗഷാദ്, കടക്കാവൂർ അശോകൻ, ഷഹീൻ ഷാ, കെ. ഓമന, മുനീർ കണിയാപുരം, കുഞ്ഞുമോൻ ജർമ്യാസ്, നസിയാ സുധീർ, പ്രദീപ് മണി, സജു വേങ്ങോട് എന്നിവരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് മാറ്റി.