വീടിനു സമീപത്തെ കിണറ്റിൽ വീട്ടമ്മ മരിച്ച നിലയിൽ
1544934
Thursday, April 24, 2025 2:59 AM IST
വിതുര: വീട്ടമ്മയെ വീടിനു സമീപത്തുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊളിക്കോട് പരപ്പാറ മൊട്ടമൂട് സുജിത് ഭവനിൽ പി. ശ്യാമള (58) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ആറിന് ശ്യാമള അടുക്കളയിൽ പാചകം ചെയ്യുന്നതു കണ്ട ശേഷമാണ് ഭർത്താവ് സുരേന്ദ്രൻ കുളിക്കാനായി പുറത്തേയ്ക്കു പോയത്. കുറച്ചു സമയം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ശ്യാമളയെ കണ്ടില്ല. ഇതിനിടെ കിണറിൽ മൂടിയിരുന്ന ഇരുമ്പു വലയുടെ ഒരു ഭാഗം മടങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കിണറിനുള്ളിൽ ശ്യാമളയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം കണ്ടു. തുടർന്ന് പോലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പതിനഞ്ചു വർഷത്തോളമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു ശ്യാമള. മുമ്പും ഇവർ ആത്മഹത്യാ പ്രവണത കാട്ടിയിട്ടുള്ളതായി സമീപവാസികൾ പറഞ്ഞു. മക്കൾ സുജിത്, സുരാജ്.