കാളിമല തീര്‍ഥാടനം മേയ് ആറിനു തുടങ്ങും
1544791
Wednesday, April 23, 2025 6:51 AM IST
വെള്ളറട : കാളിമല ക്ഷേത്രത്തിലെ തീര്‍ഥാടന ഉത്സവം മേയ് ആറിനു തുടങ്ങും. 12ന് ചിത്രാപൗര്‍ണമി പൊങ്കാലയോടെ സമാപിക്കും. തീര്‍ഥാടനത്തിനു മുന്നോടിയായിട്ടുള്ള വിളംബര രഥയാത്ര രണ്ടിനു വൈകുന്നേരം നാലിന് വെള്ളറട താഴെക്കര ഭദ്രകാളി ദേവീക്ഷേത്രാങ്കണത്തില്നിന്നു തുടങ്ങും. ചെങ്കല്‍ ശിവക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിയിക്കും. ഉദയസമുദ്ര ഗ്രൂപ്പ് എംഡി ചെങ്കല്‍ രാജശേഖരന് ഉദ്ഘാടനം ചെയ്യും.
രഥയാത്ര അഞ്ചിനു വൈകുന്നേരം കുന്നത്തുകാല്‍ ചിമ്മണ്ടി നീലകേശി ദേവീക്ഷേത്രാങ്കണത്തില്‍ സമാപിക്കും. തുടര്‍ന്ന് അവിടെ നടക്കുന്ന കാളിമല തീര്‍ഥാടന ഉദ്ഘാടന സമ്മേളനത്തിന് സ്വാമി ചൈതന്യാനന്ദ ഭദ്രദീപം തെളിക്കും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഉദ്ഘാടനം ചെയ്യും. മേയ് ആറിന് രാവിലെ 8.30ന് അഗസ്ത്യമഹര്‍ഷി തുടങ്ങി 18 സിദ്ധര്‍ക്ക് സങ്കല്‍പ്പപൂജ, 12.30ന് നാഗരൂട്ട്. എട്ടിന് രാവിലെ ഏഴിന് മൃത്യുഞ്ജയഹോമം.
ഒന്‍പതിന് രാവിലെ 8.30ന് ലക്ഷാര്‍ച്ചന, വൈകുന്നേരം നാലിന് ഭദ്രകാളി സഹസ്രനാമം. 12ന് രാവിലെ ഒന്‍പതിന് 48 സെറ്റില്‍മെന്റിലെ മൂട്ടുകാണിമാര്‍ക്ക് പൂര്‍ണകുംഭം നല്കി സ്വീകരണം. 9.30ന് ചിത്രാപൗര്‍ണമി പൊങ്കാലയുടെ പണ്ടാര അടുപ്പില്‍ ഭദ്രദീപം തെളിയിക്കല്‍ 11ന് അന്നദാനം, 11.45ന് പൊങ്കാലനിവേദ്യം, രാത്രി 12ന് കാളിയൂട്ടോടെ സമാപിക്കും.