അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനം : താത്കാലിക റോഡ് നിർമാണം ഉടൻ പൂർത്തിയാക്കും: മന്ത്രി വി.എൻ.വാസവൻ
1544783
Wednesday, April 23, 2025 6:49 AM IST
വിഴിഞ്ഞം : മേയ് രണ്ടിന് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് ഒരു ചരിത്ര മുഹൂർത്തത്തിനെന്ന് മന്ത്രി വി.എൻ.വാസവൻ. അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താത്കാലിക സംവിധാനമായി 1.6 കിലോമീറ്റർ റോഡ് നിർമാണം ഉടനെ പൂർത്തിയാക്കും. അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടം കമ്മീഷൻ ചെയ്യുന്നതിനൊപ്പം രണ്ടാം ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി വി.ശിവൻകുട്ടി യോഗത്തിൽ അധ്യക്ഷനായിരുന്നു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും എത്തുമ്പോൾ മികച്ച വരവേൽപ്പ് ഒരുക്കേണ്ടതുണ്ടെന്നും ഉദ്ഘാടന ചടങ്ങിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ ഉദ്ഘാടന ചടങ്ങിന് വേണ്ട പ്രചാരണം നൽകണമെന്നും ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായി പൊതുസംഘാടക സമിതി രൂപീകരിച്ചതായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ യോഗത്തിൽ അറിയിച്ചു. മന്ത്രി വി.എൻ.വാസവൻ സ്വാഗത സംഘം ചെയർമാനും മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവർ രക്ഷാധികാരികളുമായിരിക്കും.
ജില്ലയിലെ എംഎൽഎമാരും എംപിമാരും ഉൾപ്പടെ 77 അംഗങ്ങൾ അടങ്ങിയതാണ് സ്വാഗത സംഘം. കൂടാതെ 6 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. യോഗത്തിൽ എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, സി.കെ.ഹരീന്ദ്രൻ, ആന്റണി രാജു, ഐ.ബി.സതീഷ്, വി.കെ.പ്രശാന്ത്, മേയർ ആര്യ രാജേന്ദ്രൻ, മുൻമന്ത്രി എം.വിജയകുമാർ, തുറമുഖ വകുപ്പ് സെക്രട്ടറി എൻ.കൗശിഗൻ തുടങ്ങിയവർ പങ്കെടുത്തു.